റവന്യൂവോ കൃഷിയോ നഷ്ടമാകുമെന്ന് സി.പി.ഐക്ക് ആശങ്ക
text_fieldsകൊച്ചി: റവന്യൂ വകുപ്പോ കൃഷിയോ നഷ്ടമാകുമെന്ന് സി.പി.ഐക്ക് ആശങ്ക. കാലങ്ങളായി ഇടതുസർക്കാറിെൻറ കാലത്ത് സി.പി.ഐ കൈവശം വെച്ചിരിക്കുന്ന വകുപ്പുകളാണ് ഇവ രണ്ടും.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ നോട്ടം ഈ വകുപ്പുകളിലാണ്. റവന്യൂ, കൃഷി, പൊതുമരാമത്ത് വകുപ്പുകളിലൊന്ന് ഉഭയകക്ഷി ചർച്ചയിൽ അവർ ആവശ്യപ്പെെട്ടന്നാണ് സൂചന. ഇതിൽ പൊതുമരാമത്ത് സി.പി.എമ്മിെൻറ കൈവശമാണ്. അഴിമതിയുടെ കൂത്തരങ്ങായിരുന്ന വകുപ്പിനെ മന്ത്രി ജി. സുധാകരനാണ് ശുദ്ധീകരിച്ചെടുത്തത്. സംസ്ഥാനത്താകെ റോഡ് നിർമാണത്തിൽ എൽ.ഡി.എഫ് സർക്കാർ വലിയ നേട്ടമുണ്ടാക്കി. അതിനാൽ പൊതുമരാമത്ത് വകുപ്പ് സി.പി.എം വിട്ടുകൊടുക്കാനിടയില്ല. നേരേത്ത കെ.എം. മാണിക്ക് റവന്യൂവകുപ്പ് നൽകിയിട്ടുണ്ടെന്നാണ് അവകാശവാദം. റവന്യൂ, കൃഷി വകുപ്പുകളിലൊന്നും വിട്ടുനൽകാൻ സി.പി.ഐയും തയാറല്ല. റവന്യൂവകുപ്പിനെ സംബന്ധിച്ചിടത്തോളം കേരള കോൺഗ്രസിന് ചില പ്രത്യേക താൽപര്യമുണ്ട്.
കേരള കോൺഗ്രസ് വകുപ്പ് ഏറ്റെടുത്ത കാലത്തെല്ലാം ഇടുക്കിയിലെ പട്ടയ വിതരണം, റവന്യൂ-വനം ഭൂമി കൈയേറ്റങ്ങൾ തുടങ്ങിയവ വിവാദമായിരുന്നു. മതികെട്ടാൻചോല കൈയേറ്റം വലിയ വിവാദമായതാണ്. ഇടുക്കിലെ കൈയേറ്റം സംബന്ധിച്ച നിവേദിത പി. ഹരൻ റിപ്പോർട്ടിൽ ഇപ്പോഴും തുടർനടപടി സ്വീകരിച്ചിട്ടില്ല. മൂന്നാർ മേഖലയിലെ അനധികൃത നിർമാണങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിലും തുടർനടപടി കടലാസിലാണ്.
ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനും രേണുരാജും കൈയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. മുൻ എം.പി ജോയ്സ് ജോർജ്, ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ എന്നിവരുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടുക്കിയിലെ ഉന്നതതല കൈയേറ്റത്തിനെതിരെ നടപടിയുണ്ടായത്. റവന്യൂ ലഭിച്ചില്ലെങ്കിൽ കൃഷിവകുപ്പിനായി ജോസ് സമ്മർദം ചെലുത്തും.