ഐ.വി.എഫ് ചികിത്സ; വാഗ്ദാനം പാലിച്ചില്ല; 2.66 ലക്ഷം പിഴ ചുമത്തി ഉപഭോക്തൃ കോടതി
text_fieldsകൊച്ചി: വന്ധ്യത ചികിത്സക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ സഹായിക്കുന്ന ചികിത്സ നടത്താമെന്നും അത് 100 ശതമാനം വിജയമായിരിക്കുമെന്നും വാഗ്ദാനം ചെയ്ത് വൻ തുക കൈപ്പറ്റി കബളിപ്പിച്ചെന്ന പരാതിയിൽ 2.66 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
വന്ധ്യത ചികിത്സക്ക് എന്ന പേരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് 100 ശതമാനം വിജയം വാഗ്ദാനം ചെയ്യുകയും അഡ്വാൻസായി 1000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് 2.40 ലക്ഷം രൂപ ഫീ ഇനത്തിൽ ദമ്പതിമാരിൽ നിന്ന് വാങ്ങി. പണം മുഴുവൻ വാങ്ങിയ ശേഷം ഐ.വി.എഫ് വിജയിക്കുന്നത് സംശയാസ്പദമാണ് എന്ന് പറയുകയും കൂടുതൽ പരിശോധനക്കായി 40000 രൂപ അധികം ആവശ്യപ്പെടുകയും ചെയ്തു.
പരാതിക്കാരി ആ തുകയും നൽകി. തുടർന്ന് ഇവർ മാർക്കറ്റിങ് ഏജൻറ്മാർ മാത്രമാണെന്നും വാഗ്ദാനത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും പരാതിക്കാരിക്ക് ബോധ്യപ്പെട്ടു. തുക തിരിച്ച് ആവശ്യപ്പെട്ടെങ്കിലും എതിർകക്ഷി നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എറണാകുളത്തെ ബ്രൗൺ ഹാൾ ഇന്റർനാഷനൽ ഇന്ത്യ എന്ന ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
തുക 30 ദിവസത്തിനകം നൽകാനാണ് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്. പരാതിക്കാർക്ക് വേണ്ടി അഡ്വ. ഫിലിപ്പ് ടി. വർഗീസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

