ഓട്ടത്തിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക്
text_fieldsപെരുമ്പടന്ന കവലക്ക് സമീപം ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച നിലയിൽ
പറവൂർ: പെരുമ്പടന്ന കവലക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ച് മറ്റൊരു കാറിൽ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. പറവൂരിൽനിന്ന് ചെറായിലേക്ക് പോകുകയായിരുന്ന ഹൈകോടതിയിലെ ഗവ. പ്ലീഡറുടെ കാറിന്റെ വലതു ഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചത്. ഇതോടെ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. പ്ലീഡറുടെ കാറിന്റെ മുൻ സീറ്റിലിരുന്നയാളുടെ കൈക്ക് പരിക്കേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് യാത്രക്കാർക്ക് പരിക്കില്ല.
നിർത്തിയിട്ട കാറിന്റെ ഉടമ ചിറ്റാറ്റുകര സ്വദേശി വിനോജ് തൊട്ടടുത്ത ബേക്കറിയിൽ കയറിയ സമയത്താണ് അപകടം. സംഭവ സമയം മറ്റ് വാഹനങ്ങളും കാൽനടക്കാരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് പറവൂർ-ചെറായി റോഡിൽ കെ.എം.കെ കവല മുതൽ പെരുമ്പടന്ന പാലം വരെ ഒന്നര മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി. പൊലീസെത്തി വാഹനങ്ങൾ നീക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

