കുടിവെള്ള പദ്ധതിയുടെ എയർ വാൽവ് പൊട്ടി
text_fieldsകോലഞ്ചേരി: ചൂണ്ടി രാമമംഗലം റോഡിൽ ജലവിഭവ വകുപ്പിന്റെ കുടിവെള്ള പദ്ധതിയുടെ എയർ വാൽവ് പൊട്ടി. പൂതൃക്കക്കടുത്ത് ബ്ലായിപ്പടി കത്തോലിക്ക പള്ളിക്ക് മുന്നിലാണ് എയർ വാൽവ് പൊട്ടി മണിക്കൂറോളം വെള്ളം ഇരച്ചൊഴുകിയത്. ബുധനാഴ്ച ഉച്ചക്ക് 12.15ഓടെയാണ് സംഭവം.
രാമമംഗലം പമ്പ് ഹൗസിൽനിന്ന് ചൂണ്ടി വാട്ടർ അതോറിറ്റിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന 900 എം.എം പൈപ്പിന്റെ എയർ വാൽവാണ് പൊട്ടിയത്. ഒരുമണിക്കൂർ റോഡിലേക്കും സമീപ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. ആറ് വർഷം മുമ്പാണ് രാമമംഗലം പുഴയിൽനിന്ന് വെള്ളം ചൂണ്ടി കുടിവെള്ള പദ്ധതിയിലേക്ക് കൊണ്ടുവരാൻ 900 എം.എം പൈപ്പുകൾ ഇട്ടത്. ഇതിലെ എയർ വാൽവാണ് പൊട്ടിയത്.
രണ്ടാഴ്ച മുമ്പ് രാമമംഗലം പമ്പ് ഹൗസിലും സമാനരീതിയിൽ എയർ വാൽവ് പൊട്ടി. ഏകദേശം ഒരുലക്ഷം രൂപക്കടുത്ത് വിലവരുന്ന എയർ വാൽവുകളിൽ ഒരെണ്ണമാണ് പൊട്ടിയത്. നിലവാരമില്ലാത്ത വാൽവുകൾ സ്ഥാപിച്ചതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എയർ വാൽവ് പൊട്ടി ഉയർന്നുപൊങ്ങിയ വെള്ളം 11 കെ.വി ലൈനിലും ശക്തിയോടെ പതിച്ചത് ഭീതിയുയർത്തി.

