വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsവിഷ്ണു
ആലുവ: വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പൈപ്പ്‌ലൈൻ റോഡ് ഭാഗത്ത്, ഫ്രണ്ട്ഷിപ് ഹൗസിന് സമീപം വാടകക്ക് താമസിക്കുന്ന ആലപ്പുഴ കീരിക്കാട് കരീലകുളങ്ങര കരുവെറ്റുംകുഴി ശിവനട അമ്പലത്തിന് സമീപം കോഴിശ്ശേരി വീട്ടിൽ വിഷ്ണുവിനെയാണ് (38) സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടൻറന്റെ അടിസ്ഥാനത്തിൽ കലക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. 2021ന് ശേഷം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം മൂന്ന് വധശ്രമ കേസിലും മറ്റ് അടിപിടി കേസിലും ഉൾപ്പെട്ടയാളാണ് ഇയാൾ.
കഴിഞ്ഞ ഏപ്രിൽ അവസാനം ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇയാളും കൂട്ടാളിയും കൂടി പ്രൈവറ്റ് ബസിന് മുന്നിൽ സ്കൂട്ടർ വട്ടംവെച്ച് മാർഗതടസ്സം ഉണ്ടാക്കി. ഇത് ചോദ്യംചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് മുഖത്ത് കുത്തിയും ദേഹോപദ്രവം ഏൽപിച്ചും പരിക്കേൽപിച്ചു. ഇത് തടയാൻ ശ്രമിച്ച മറ്റൊരു പ്രൈവറ്റ് ബസിലെ ജീവനക്കാരനെയും ആക്രമിച്ച് ബസിന്റെ ഗ്ലാസ് തല്ലിത്തകർത്തു. ഇതിന് ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, സബ് ഇൻസ്‌പെക്ടർ ജോസി എം. ജോൺസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ബിനോയ്, അൻവർ ഹുസൈൻ, സിവിൽ പൊലീസ് ഓഫിസർമാരായ അരവിന്ദ് വിജയൻ, എം.എസ്. അഭിലാഷ് എന്നിവർ പങ്കെടുത്തു. ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ നിരന്തര കുറ്റവാളികളായ 14 പേരെ കാപ്പ ചുമത്തി ജയിലിലടച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

