ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിച്ച സ്ഥലങ്ങൾ സുരക്ഷിതം; വടക്കൻ മേഖലയിൽ കടൽകയറ്റം രൂക്ഷം
text_fieldsപള്ളുരുത്തി: മഴക്കാലങ്ങളില്‍ കടലേറ്റത്തെ പേടിച്ചുകഴിഞ്ഞിരുന്ന ചെല്ലാനത്തിന് ഇത് ആശ്വാസകാലം. വര്‍ഷങ്ങളായി ഭയപ്പെടുത്തിയിരുന്ന മണ്‍സൂണ്‍ കനത്തിട്ടും കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോഴും ശാന്തമാണ്. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതി അടുത്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ കടലേറ്റ ഭീഷണിയുള്ള മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. 344 കോടിയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് ഇപ്പോള്‍ നടക്കുന്നത്.
ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തില്‍നിന്ന് സംരക്ഷണം ഒരുക്കാന്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തോടെ സാധിച്ചു. 2023 ഏപ്രിലിനുമുമ്പ് 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 40 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നിര്‍മാണം കഴിഞ്ഞ പ്രദേശങ്ങളിലെ വാക് വേ നിര്‍മാണം മഴക്കാലത്തിനുശേഷം പുനരാരംഭിക്കും. ടെട്രാപോഡ് നിര്‍മാണം ആദ്യഘട്ടം പുരോഗമിക്കുന്നതിന് ഒപ്പംതന്നെ രണ്ടാംഘട്ട പദ്ധതിയും ആരംഭിക്കാനാണ് നിലവിലെ തീരുമാനം. രണ്ടാം ഘട്ടത്തിലേക്കുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിവരുകയാണ്. രണ്ടു ഘട്ടവും പൂര്‍ത്തിയാകുന്നതോടെ 10 കിലോമീറ്ററില്‍ അധികം ദൂരം കടല്‍ത്തീരത്തിന് സംരക്ഷണം ഒരുങ്ങും. കണ്ണമാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രണ്ടാംഘട്ടത്തില്‍ കടല്‍ഭിത്തി നിര്‍മിക്കും.
ചെല്ലാനം ഫിഷിങ് ഹാര്‍ബറിനടുത്തുനിന്ന് ആരംഭിച്ച് വടക്ക് പുത്തന്‍തോട് ബീച്ച് വരെയാണ് ആദ്യഘട്ടം. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി ചെല്ലാനം ബസാറില്‍ ആറ് പുലിമുട്ടുകളുടെ ശൃംഖലയും നിര്‍മിക്കുന്നുണ്ട്.
രണ്ടര മീറ്ററോളം ഉയരത്തില്‍ കരിങ്കല്ല് പാകിയതിന് മുകളിലായാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്. 2 ടണ്‍, 5 ടണ്‍ എന്നിങ്ങനെയുള്ള വലുപ്പത്തിലാണ് ടെട്രാപോഡ് നിര്‍മാണം നടക്കുന്നത്. 20,235 ടെട്രാപോഡുകള്‍ നിലവില്‍ നിര്‍മിച്ചു കഴിഞ്ഞു. 3,50,323 മെട്രിക് ടണ്‍ കല്ല് ഇതിനായി ഉപയോഗിച്ചു.
അതേസമയം, തെക്കൻ ചെല്ലാനം മേഖലയിൽ ടെട്രാപോഡുകൾ സ്ഥാപിച്ചതോടെ വടക്കൻ മേഖലയിൽ കടൽകയറ്റം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. കണ്ണമാലി മുതൽ ഫോർട്ട്കൊച്ചി വരെയുള്ള തീരത്താണ് കടൽകയറ്റം രൂക്ഷമാകുന്നത്. ഈ മേഖലയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ടെട്രാപോഡുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.