വാട്ടർ മെട്രോ മുംബൈയിലും; ടെന്‍ഡര്‍ കെ.എം.ആര്.എല്ലിന്
text_fieldsകൊച്ചി: കൊച്ചി മാതൃകയില്‍ മുംബൈയില്‍ വാട്ടര്‍ മെട്രോ സർവിസ് ആരംഭിക്കാനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആർ) തയാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആർ.എൽ) ലഭിച്ചു.
ടെൻഡറിങ് നടപടികളിലൂടെ 4.4 കോടിയുടെ കരാര്‍ മഹാരാഷ്ട്ര സർക്കാരില്‍നിന്ന് നേടിയതിലൂടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍തന്നെ സുപ്രധാനമായ ചുവടുവെപ്പാണ് കൊച്ചി മെട്രോ നടത്തിയത്.
രാജ്യത്ത് മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡി.എം.ആർ.സി) വഹിച്ച പങ്കിന് സമാനമാണ് വാട്ടര്‍ മെട്രോ നടപ്പാക്കുന്നതില്‍ കെ.എം.ആർ.എല്ലും വഹിക്കുന്നത് എന്നാണ് നിരീക്ഷരുടെ വിലയിരുത്തല്‍. മുംബെ മെട്രോപൊളിറ്റന്‍ പ്രദേശത്തെ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സർവിസ് തുടങ്ങാനുള്ള സാധ്യത പഠന റിപ്പോര്‍ട്ട് റെക്കോഡ് വേഗത്തിലാണ് കെ.എം.ആര്.എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം തയാറാക്കി സമര്‍പ്പിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡി.പി.ആര് തയാറാക്കാൻ ടെന്‍ഡര്‍ നടപടി ആരംഭിച്ചത്. കനാലും കായലും കടലും, പോർട്ട് വാട്ടറും ഉള്‍പ്പെടുന്ന മേഖലയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ തയാറാക്കുക എന്ന വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് കൊച്ചി മെട്രോ ഏറ്റെടുത്തിരിക്കുന്നത് എന്ന് കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.
2026 ൽ പദ്ധതി നിർമ്മാണം ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാരിന് കഴിയും വിധം ഡി.പി.ആർ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 18 നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത പഠനവും കെ.എം.ആര്.എല്‍ നടത്തുന്നുണ്ടെന്ന് കൊച്ചി മെട്രോ വാട്ടർ ട്രാൻസ്പോർട്ട് വിഭാഗം ചീഫ് ജനറൽ മാനേജർ ഷാജി പി. ജനാർദനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

