കണ്ണീർ കലങ്ങി ജലാശയങ്ങൾ; രണ്ടുമാസത്തിനിടെ മുങ്ങിമരിച്ചത് 17 പേർ
text_fieldsകൊച്ചി: ജലാശയങ്ങളിലെ അപകടങ്ങളിൽ കണക്കറ്റ ജീവനുകൾ പൊലിയുന്നതിന്റെ കണ്ണീരിലാണ് ജില്ല. രണ്ടുമാസത്തിനിടെ മാത്രം എറണാകുളം ജില്ലയിലുണ്ടായത് 17 മുങ്ങിമരണങ്ങളാണ്. കുട്ടികളും മുതിർന്നവരുമൊക്കെ ഇതിൽ ഉൾപ്പെടുമ്പോൾ നീന്തൽ പഠനത്തിന്റെ അനിവാര്യതയും ജലസുരക്ഷയും കൂടുതൽ ചർച്ചയാകുകയാണ്.
മുടിക്കൽ തടി ഡിപ്പോ കടവിലെ പാറയില്‍ കാല് തെന്നി പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ച 19കാരി മുങ്ങി മരിച്ച സംഭവമാണ് ഒടുവിലുണ്ടായത്. മഞ്ഞുമ്മൽ പുഴയിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചതും ഞെട്ടലുണ്ടാക്കിയ സംഭവമാണ്. വടാട്ടുപാറ പലവന്‍പുഴയില്‍ ബന്ധുക്കളായ രണ്ടുപേർ മുങ്ങി മരിച്ചതും നാടിന് നോവായി. കാലടിക്കടുത്ത് വൈശൻകുടി കടവിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചതും സമീപകാലത്താണ്.
ശ്രീമൂലനഗരം വെള്ളാരപ്പിള്ളി ആറാട്ട് കടവിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ച സംഭവവും ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഹിൽപാലസ് എ.ആർ ക്യാമ്പിന് സമീപത്തെ പെരുന്നിനാകുളം ക്ഷേത്രക്കുളത്തിൽ കാൽവഴുതി വീണ് വിദ്യാർഥി മരിച്ചത്, കാക്കനാട് ടി.വി സെന്ററിന് സമീപത്തെ പൊയ്യച്ചിറ കുളത്തിൽ കുളിക്കാനിറങ്ങിയ ഒരാൾ മുങ്ങി മരിച്ചത്, കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചത്, മരട് മണപ്പാട്ട് പറമ്പിൽ എം.എൽ. മഹേഷ് പാലക്കാട് നെന്മാറയിൽ കുളത്തിൽ മുങ്ങി മരിച്ചത്, പുത്തൻവേലിക്കരയിലെ ഇളന്തിക്കര-കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചത്, ആലങ്ങാട് പൊലീസിനെ കണ്ട് ഓടി പുഴയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചത്, കോതമംഗലത്ത് കനാലിൽ ഒഴുക്കിൽപെട്ട് അന്തർസംസ്ഥാനക്കാരൻ മരിച്ചത്, ആലുവ പുഴയിൽ കർണാടക സ്വദേശി മുങ്ങി മരിച്ചത് എന്നിവയൊക്കെ സമീപകാല സംഭവങ്ങളാണ്.
നീന്തൽ പഠനം അനിവാര്യം, ജാഗ്രതയോടെയുള്ള ഇടപെടലും
ഓരോ മധ്യവേനലവധിക്കാലവും വിദ്യാർഥികളുടെ മുങ്ങിമരണത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നത് സങ്കടകരമായ കാര്യമാണ്. അവധി ദിവസങ്ങളിൽ കുട്ടികൾ പുഴകളിലും തോടുകളിലുമൊക്കെ സുരക്ഷയില്ലാതെ ഇറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കുന്നുണ്ട്.
നീന്തൽ അറിയാത്തതും പരിചയസമ്പന്നരായ ആളുകൾ ഒപ്പമില്ലാത്തതുമൊക്കെ അപകടത്തിലേക്ക് നയിക്കുന്നു. യാത്രകൾക്കിടയിലും മറ്റും അപരിചിതമായ സ്ഥലങ്ങളിലെ ജലാശയങ്ങളിലിറങ്ങുന്നത് അപകടത്തിനിടയാക്കുന്നതും കാണാറുണ്ട്. അവധിക്കാലത്ത് സുരക്ഷിതമായ നീന്തൽ പരിശീലനത്തിനുള്ള സംവിധാനങ്ങളെക്കുറിച്ചാണ് പ്രധാനമായും ആലോചിക്കേണ്ടതെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു.
ചൂടുകൂടിയ കാലാവസ്ഥ ആയതിനാൽ പുഴയിലും മറ്റും എത്തുന്നവരുണ്ട്. ജലക്ഷാമം രൂക്ഷമാകുമ്പോൾ വസ്ത്രങ്ങൾ കഴുകുന്നതിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പുഴകളെയും തോടുകളെയുമൊക്കെ ആശ്രയിക്കുന്നുണ്ട്. ഇവിടങ്ങളിലൊക്കെ സുരക്ഷിതമായ സാഹചര്യമാണുള്ളതെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു.
അപകടങ്ങൾ ഒഴിവാക്കാൻ
ആഴം കുറവാണെന്നത് കൊണ്ടുമാത്രം പുഴകൾ സുരക്ഷിതമാകണമെന്നില്ല. ബാലൻസ് നഷ്ടമായാൽ ചെറിയ തോതിലുള്ള വെള്ളത്തിലും അപകടമുണ്ടാകാം. തിരക്കില്ലാത്ത ബീച്ചിലോ ആളുകള്‍ അധികം പോകാത്ത തടാകത്തിലോ പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്. അപസ്മാരം, മസില് കയറുന്നത്, ഹൃദ്രോഗം തുടങ്ങിയവയൊക്കെ ഉള്ളവർ വെള്ളത്തിലിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ഫ്ലാറ്റിലെ സ്വിമ്മിങ് പൂള് ആയാലും ചെറിയ കുളമായാലും കടലായാലും മുതിര്‍ന്നവരുടെ അസാന്നിധ്യത്തിൽ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുതെന്ന് കുട്ടികളോട് പറഞ്ഞ് മനസ്സിലാക്കുക. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. ആഴം ചിലപ്പോൾ പ്രതീക്ഷിക്കുന്നതിനെക്കാൾ കുറവായിരിക്കാം. ചെളിയില്‍ പൂഴ്ന്നുപോകാം, തല പാറയിലോ, മരക്കൊമ്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ശരിയായ രീതി. മദ്യപിച്ചശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്.
വെള്ളത്തില്‍ ഇറങ്ങുമ്പോൾ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക. വെള്ളത്തിൽ ഇറങ്ങുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ആളുകളെ ബോധ്യപ്പെടുത്തുക. സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്. നേരം ഇരുട്ടിയശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

