ഫോർട്ട്കൊച്ചിയിലെ തൂക്കുപാലം@105
text_fieldsഫോർട്ട്കൊച്ചി: കൊച്ചിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമായ ഒരു റോഡിന് ഇരുഭാഗത്തെ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന പൈതൃക തൂക്കുപാലത്തിന് 105 വയസ്സ് പിന്നിടുന്നു. ടവർ റോഡിനോട് ചേർന്നുള്ള ചരിത്ര പ്രസിദ്ധമായ കോഡർ ഹൗസിനെയും അതിന് പിന്നിലെ ഓഫിസ് കെട്ടിടത്തെയും ബന്ധിപ്പിക്കുന്നതിന് പ്രമുഖ ഇറാഖി ജൂത വ്യവസായിയും കോഡർ കുടുംബാംഗവുമായ സാമുവൽ എസ്. കോഡർ ആണ് 1920 ല് പാലം നിർമിച്ചത്.
1905ൽ നിർമിച്ച മൂന്ന് നിലകളുള്ള ചുവന്ന ഇഷ്ടിക കെട്ടിടമായ കോഡർ ഹൗസിന് പിന്നിലെ ഓഫിസ് കെട്ടിടത്തിലേക്ക് എളുപ്പത്തിൽ എത്താനായിരുന്നു റോസ് ലെയിനിന് മുകളിലൂടെ ആർച്ച് രൂപത്തിൽ തൂക്ക് പാലം നിർമിച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ് നിർമാണമെങ്കിലും അവർ നിർമിച്ചതല്ല എന്നതാണ് മറ്റൊരു പ്രത്യേകത. റോസ് ലെയിനിന് മുകളിലൂടെ തെക്ക്-വടക്ക് ദിശയിൽ നിർമിച്ച പാലം ഇരുമ്പ് ഫ്രെയിമിൽ മരപ്പലകകൾ വിരിച്ചാണ് ഒരുക്കിയത്.
ഇരുവശങ്ങളിലും ഗ്രില്ലുകളും കൈവരികളും ഉൾപ്പെടുത്തിയ പാലത്തിന്റെ നിർമാണത്തിന് അന്നത്തെ ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക അനുമതിയും ലഭിച്ചിരുന്നു. കോഡർ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന കെട്ടിടങ്ങൾ പിന്നീട് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറിയതോടെ പാലത്തിന്റെ ഉപയോഗവും അവസാനിച്ചു. ഓഫിസ് ഭാഗത്തേക്കുള്ള പ്രവേശന കവാടം അടച്ചതോടെ ഇന്ന് ഇത് ചരിത്രത്തിന്റെ നിശ്ശബ്ദ സാക്ഷിയായി ഇന്നും നിലകൊള്ളുന്നു. ഈ പൈതൃക സ്മാരകം സംരക്ഷിക്കുകയും വിനോദസഞ്ചാര ഭൂപടത്തിൽ കൂടുതൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തുകയും വേണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

