അർധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നുപിടിച്ച പ്രതി അറസ്റ്റിൽ
text_fieldsറോബിൻ ദാസ്
കൊച്ചി: പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയെ മുറിയിൽ അതിക്രമിച്ച് കയറി കടന്നുപിടിച്ച പ്രതിയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാട്ടൂർ സ്വദേശിയും നിലവിൽ ആലുവ കുഴിവേലിപ്പടി ഭാഗത്ത് വാടകക്ക് താമസക്കാരനുമായ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസ് (39) ആണ് അറസ്റ്റിലായത്. പാലാരിവട്ടം മെട്രോ സ്റ്റേഷനടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം കാണിച്ചത്.
മെയ് 12ന് പുലർച്ചെ 4 മണിയോടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ പ്രതി റൂമിൽ ഉറങ്ങികിടന്ന യുവതിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉറക്കത്തിൽ നിന്നുമുണർന്ന യുവതി ഒച്ചവെക്കാൻ ശ്രമിക്കവേ പ്രതി ഹോസ്റ്റലിൽ നിന്നും ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
സംഭവ ദിവസത്തെ ലേഡീസ് ഹോസ്റ്റലിലെയും സമീപ പ്രദേശങ്ങളിലെയും ഉൾപ്പടെ ഇരുന്നൂറോളം സി.സി.ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇടപ്പള്ളി ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം എറണാകുളം എ.സി.പി കെ.ജി. സുരേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. അനൂപ് എന്നിവരുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഒ.എസ്. ഹരിശങ്കർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അബിൻ ഗംഗ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അഖിൽ പത്മൻ, ജിപിൻ ലാൽ, സിവിൽ പൊലീസ് ഓഫിസറായ എ. നസീറ എന്നിവരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

