സുപ്രീംകോടതി ഇടപെടലിൽ പ്രതീക്ഷ; തെരുവ് നായ്ക്കളെ നീക്കാതെ രക്ഷയില്ല
text_fieldsകൊച്ചി: തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ജില്ല. ഓരോദിവസവും ജില്ലയുടെ വിവിധ കോണുകളിൽ നിന്ന് തെരുവ്നായ് ആക്രമണത്തിന്‍റെ റിപ്പോർട്ടുകൾ വരുന്നതിൽ ആശങ്കയിലാണ് നാട്. ദിനേന ശരാശരി 50ലേറെ പേർ നായുടെ കടിയേറ്റ് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. അഞ്ചുവർഷത്തിനിടെ 1.55 ലക്ഷം ആളുകൾക്കാണ് കടിയേറ്റത്. ഏതാനും ആഴ്ചകൾക്കിടെ നിരവധിയാളുകൾക്ക് ജില്ലയിൽ തെരുവ്നായുടെ കടിയേറ്റിട്ടുണ്ട്.
നെട്ടൂരിൽ മദ്റസയിലേക്ക് പോയ കുട്ടി തെരുവ് നായുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കരുമാല്ലൂരിൽ നാല് വയസ്സുള്ള കുട്ടിയുടെ മുഖം തെരുവ് നായ് കടിച്ചുകീറിയ സംഭവത്തിൽ വീട്ടുകാർക്ക് നഷ്ടപരിഹാരവും നാട്ടുകാർക്ക് സുരക്ഷയും ആവശ്യപ്പെട്ട് ആളുകൾ രംഗത്തെത്തിയിരുന്നു. പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ കാവുംപടി, സൊസൈറ്റിപ്പടി മേഖലകളിൽ ശല്യം രൂക്ഷമാണ്. ആലുവ തോട്ടക്കാട്ടുകരയിൽ നായുടെ കടിയേറ്റ് പേ ഇളകിയ മൂന്ന് ആടുകളെ വെറ്ററിനറി വിഭാഗം ഡോക്ടർമാർ കുത്തിവെപ്പ് നൽകി കൊന്ന സംഭവവുമുണ്ട്.
മാറ്റമില്ലാതെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങൾ
എറണാകുളം നഗരത്തിൽ സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിങ്ങനെ പൊതുജനങ്ങൾ എത്തുന്ന സ്ഥലങ്ങളിലൊക്കെ തെരുവ് നായ് ശല്യം രൂക്ഷമായി തുടരുകയാണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലൂടെ കൂട്ടമായി ഓടിയെത്തി കുരച്ചുകൊണ്ട് യാത്രക്കാരുടെ നേരെ ചാടുന്ന തെരുവ്നായ്ക്കൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കുട്ടികളും വയോധികരും അടക്കമുള്ളവർ ഭീതിയോടെയാണ് ഇവിടെയെത്തുന്നത്.
മാലിന്യ സംസ്കരണം പ്രധാന ഘടകം
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരുടെ പ്രധാന നടപടി. മാലിന്യ നിക്ഷേപമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് തെരുവ് നായ്ക്കൾ വ്യാപകമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പ്രാദേശിക വിജിലൻസ് സ്ക്വാഡുകൾ, ജില്ല തല എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
തെരുവ് നായ് നിയന്ത്രണത്തിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും കാര്യമായി പ്രയോജനപ്പെടുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. മൃഗങ്ങളുടെ ജനന നിയന്ത്രണ (എ.ബി.സി) പരിപാടിയും പ്രതിരോധ കുത്തിവെപ്പും നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടലുകൾ നടത്തുന്നുണ്ട്. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള വ്യവസ്ഥ കേന്ദ്രനിയമം അനുശാസിക്കുന്നില്ല. നിർബന്ധിത വന്ധ്യംകരണവും പ്രതിരോധ കുത്തിവെപ്പുമാണ് തെരുവ് നായ് നിയന്ത്രണത്തിനുള്ള പ്രധാന മാർഗങ്ങൾ.
കോടതി നടപടി അഭിനന്ദനാർഹം -ജോസ് മാവേലി
സുപ്രീംകോടതിയുടെ നടപടിയിൽ അഭിനന്ദനങ്ങൾ അർപ്പിച്ച് തെരുവുനായ് വിമുക്ത കേരള സംഘം ചെയർമാൻ ജോസ് മാവേലി രംഗത്തെത്തി. മനുഷ്യത്വപരവും സന്തോഷകരവുമായ ഉത്തരവാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോഡില്‍ നിന്ന് തെരുവുനായ്ക്കളെയും കന്നുകാലികളെയും നീക്കണമെന്നും ഇതിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദേശം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാറുകൾ നടപടി സ്വീകരിക്കണം. തെരുവുനായ് ആക്രമണത്തിനെതിരെ ജനരക്ഷക്കായി പോരാടിയ തനിക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 21ഓളം കേസുകളെടുത്തിരുന്നു. സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ് മൂലം ലക്ഷക്കണക്കിന് നിരാലംബരായ ജനങ്ങൾക്ക് സുരക്ഷിത ജീവിതം ഉറപ്പുവരുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

