എറണാകുളം ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ആശ്വാസം; ഗ്യാസ്ട്രോ, ന്യൂറോ വിഭാഗങ്ങളിൽ ഒഴിവ് നികത്തി
text_fieldsകൊച്ചി: ഏറെക്കാലമായി പ്രധാനപ്പെട്ട സൂപ്പർ സ്പെഷാലിറ്റി സേവനങ്ങൾ ലഭിക്കാതിരുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ ഇനി രോഗികൾക്ക് ആശ്വാസം. ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗങ്ങളിലെ സേവനങ്ങൾ പൂർണതോതിൽ ആരംഭിക്കുന്നതിനൊപ്പം ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, പ്ലാസ്റ്റിക് സർജറി എന്നീ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളും ആശുപത്രിയിൽ ഏർപ്പെടുത്തിയതായി സൂപ്രണ്ട് ഡോ. പ്രഭുദാസ് അറിയിച്ചു.
ഒപ്പം കൂടുതൽ വിദഗ്ധ ചികിത്സാ വിഭാഗങ്ങൾ ഉടൻ തുടങ്ങാനും കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ ഡോ. സുനിൽ കെ. തോമസ്, ന്യൂറോളജി വിഭാഗത്തിൽ ഡോ. അപർണ അമർനാഥ്, ന്യൂറോ സർജൻ ഡോ. ശ്രീനാഥ്, പ്ലാസ്റ്റിക് സർജൻ ഡോ. മനോജ്, മാക്സിലോ ഫേഷ്യൽ സർജൻ ഡോ. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സേവനങ്ങളാണ് ഇനി ആശുപത്രിയിൽ ലഭ്യമാവുക.
ഗ്യാസ്ട്രോ എൻറോളജി, ന്യൂറോ സർജറി ഉൾപ്പെടെ പ്രധാന വിഭാഗങ്ങളിൽ ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നത് സംബന്ധിച്ച് മാധ്യമമുൾപ്പെടെ വാർത്ത നൽകിയിരുന്നു. പിന്നാലെ ജനറൽ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കാൻ തീരുമാനിച്ചു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവരുടെ ഇടപെടലിലൂടെയും വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തിയും ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി ചികിത്സകൾക്കാവശ്യമായ ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കി. കൂടാതെ, എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായി സർക്കാർ ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗങ്ങളിലേക്ക് വിദഗ്ധ ഡോക്ടർമാരെയും നിയമിക്കുകയായിരുന്നു.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ന്യൂറോ സർജന്റെ ഒ.പി സേവനം ലഭ്യമാവുക . ഓൺലൈനായും ടോക്കൺ ബുക്ക് ചെയ്യാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ് അറിയിച്ചു. ഇതിന് പുറമെ റെറ്റിന സർജറി, ഇന്റർവെൻഷനൽ റേഡിയോളജി, എൻഡോക്രൈനോളജി എന്നീ വിദഗ്ധ ചികിത്സാ വിഭാഗങ്ങളും ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കൂടുതൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾകൂടി ജനറൽ ആശുപത്രിയിൽ ലഭ്യമാകുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സച്ചെലവ് താങ്ങാൻ കഴിയാത്ത സാധാരണക്കാർക്ക് സർക്കാർ ആശുപത്രിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സാധിക്കും. എറണാകുളം ജനറൽ ആശുപത്രിയെ കൂടുതൽ മികച്ച റഫറൽ ചികിത്സാ കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സേവനങ്ങൾ വിപുലീകരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

