ആശ്വാസമായി വേനൽ മഴ; വ്യാപക നാശനഷ്ടം
text_fieldsഇന്നലെ വൈകീട്ട് ആറോടെ കൊച്ചി നഗരത്തിൽ പെയ്ത മഴ ഹെൽമറ്റ് ഊരിവെച്ച് ആസ്വദിച്ച് പോകുന്ന യുവാവ്. പുല്ലേപ്പടി മേൽപാലത്തിൽനിന്നുള്ള ദൃശ്യം
കൊച്ചി: ദിവസങ്ങളായി കനത്ത വേനൽ ചൂടിൽ പൊള്ളി നിന്ന ജില്ലക്ക് ആശ്വാസമായി എത്തിയ മഴ പലയിടത്തും നാശം വിതച്ചു. ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകുകയും വൈദ്യുതി തൂണുകളും ലൈനുകളും തകരുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകീട്ടോടെയാണ് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ പെയ്തത്. കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ പെയ്ത മഴയിൽ ഒന്നര മണിക്കൂറോളം നഗരത്തിലടക്കം പലയിടത്തും ഏറെ നേരം വൈദ്യുതി വിതരണം മുടങ്ങി.
ശക്തമായ കാറ്റിൽ മരം വീണതിനെതുടർന്ന് ജില്ലയുടെ ചില പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിൽ കലൂർ മണപ്പാട്ടിപ്പറമ്പ്, ചങ്ങമ്പുഴ പാർക്ക് എന്നിവിടങ്ങളിൽ മരം വീണു. ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയുടെ പാരീഷ് ഹാളിന്റെ മുൻവശത്ത് നിന്നിരുന്ന തെങ്ങ് പ്രധാന റോഡിലെ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞു വീണു.
അങ്കമാലി മേഖലയിൽ ദേശം-കാലടി റോഡിൽ ദേശം, ഗാന്ധിപുരം, പുറയാർ, കൊണ്ടോട്ടി തുടങ്ങിയ അഞ്ച് കിലോമീറ്ററോളം ചുറ്റളവിൽ അരമണിക്കൂറോളം വീശീയ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വ്യാപക നാശമുണ്ടായി. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചു. പുറയാർ ഭാഗത്ത് പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ ഒടിയുകയും ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. ഗതാഗതവും വൈദ്യുതി വിതരണവും പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരും അഗ്നിരക്ഷാ സേനയും രാത്രി വൈകിയും ശ്രമം തുടരുകയാണ്. അത്താണി ഐശ്വര്യ നഗറിൽ പഴയ ദേശീയപാതയിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ കണിക്കൊന്നയുടെ കൊമ്പ് ഒടിഞ്ഞു വീണ് വാഹനം ഭാഗികമായി തകർന്നു. കാറിൽ യാത്രക്കാരുണ്ടായിരുന്നില്ല.
കാറ്റിലും മഴയിലും ആലുവ തുരുത്ത് ഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. ആലുവ ബാങ്ക് കവല-പാലസ് റോഡിൽ കാനറ ബാങ്കിന് എതിർവശത്തെ തണൽ മരം കടപുഴകി. ബസ് കാത്ത് നിന്നിരുന്നവർ സമീപ കെട്ടിടങ്ങളിലേക്ക് മാറിയതിനാൽ വലിയ അപകടം ഒഴിവായി. കരുമാലൂരിൽ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. ആളപായമില്ല. ആലുവ നഗരത്തിലെ ശാസ്ത ക്ഷേത്രത്തിലെ 200 പരം വർഷം പഴക്കം വരുന്ന കൂറ്റൻ ആൽമരം കടപുഴകി. നഗരത്തിൽ നിന്ന് ദേശീയ പാതയിലേക്കുളള റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
പറവൂർ ഏഴിക്കര പഞ്ചായത്തിൽ രണ്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായി. പെരുവാരം മഹാദേവ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക പന്തലിന്റെ ഷീറ്റുകൾ കാറ്റത്ത് പറന്ന് പോയി. മൂവാറ്റുപുഴ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങളിൽ കടപുഴകി.
വാഴപ്പിള്ളി, കിഴക്കേക്കക്കര, കടാതി, ആട്ടായം തുടങ്ങി നിരവധി സ്ഥലങ്ങളിൽ കാറ്റ് നാശം വിതച്ചു. ആമേഖലയിൽ പൂർണമായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

