വഴിയോര കച്ചവടം; റവന്യൂ വകുപ്പ് നടപടിയിൽ പ്രതിഷേധം
text_fieldsവഴിയോര കച്ചവടക്കാര്‍ക്കെതിരായ റവന്യൂ വകുപ്പ് നടപടിക്കെതിരെ കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച പ്രതിഷേധം ജില്ല വൈസ് പ്രസിഡന്റ് എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്യുന്നു
മട്ടാഞ്ചേരി: അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ കൊച്ചി കോർപറേഷന്റെ ലൈസന്‍സോടെ ഫോര്‍ട്ട്കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത കച്ചവടക്കാര്‍ക്ക് നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) കൊച്ചി മേഖല കമ്മിറ്റി ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ക്ക് നിവേദനം നല്‍കി.
അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് യൂനിയന്‍ എതിരല്ലെന്നും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിയത് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ടെന്നും നേതാക്കള്‍ സബ് കലക്ടറെ അറിയിച്ചു. കൊച്ചി കോർപറേഷൻ വെന്റിങ് സോണുകൾ നിശ്ചയിക്കുന്ന നടപടികൾ പൂർത്തീകരിച്ച് അംഗീകൃത കച്ചവടക്കാരെ അനുയോജ്യമായ സോണുകളിലേക്ക് മാറ്റുന്നതുവരെ നിലവിൽ സാധുവായ ലൈസൻസുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സബ് കലക്ടര്‍ അറിയിച്ചതായും നേതാക്കള്‍ വ്യക്തമാക്കി.
കുന്നുംപുറത്തുനിന്ന് തൊഴിലാളികള്‍ പ്രകടനമായി എത്തിയാണ് സബ് കലക്ടര്‍ക്ക് നിവേദനം നല്‍കിയത്. പ്രകടനം ആര്‍.ഡി. ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ജില്ല വൈസ് പ്രസിഡന്റ് എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി മേഖല പ്രസിഡന്റ് വി.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി. സലാം, മുഹമ്മദ് അബ്ബാസ് എന്നിവർ സംസാരിച്ചു.

