നിർമാണം പൂർത്തിയാക്കാതെ സ്റ്റേഡിയം ഉദ്ഘാടനം; പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയി
text_fieldsനിർമാണം പൂർത്തിയാകും മുമ്പേ ഉദ്ഘാടനം ചെയ്ത കാളവയൽ സ്റ്റേഡിയം
പുത്തൻകുരിശ്: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ കാളവയൽ സ്റ്റേഡിയം ഉദ്ഘാടന വേദിയിൽ നാടകീയ രംഗങ്ങൾ. നിർമാണം പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് അധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റ് റെജി മാത്തോക്കിൽ പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ബുധനാഴ്ച രാവിലെ പി.വി. ശ്രീനിജൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് വിവാദം അരങ്ങേറിയത്. എം.എൽ.എ ഫണ്ടിൽ നിന്നും സർക്കാർ ഫണ്ടിൽ നിന്നുമായി 50 ലക്ഷം രൂപ വീതം അനുവദിച്ച് ഒരു കോടി രൂപ മുതൽമുടക്കിലായിരുന്നു നിർമാണം.
പഞ്ചായത്തിന്റെ കസ്റ്റഡിയിലുള്ള സ്റ്റേഡിയം സംസ്ഥാന സ്പോർട്സ് ഫൗണ്ടേഷന് സ്റ്റേഡിയം നിർമിക്കാൻ കൈമാറിയതാണ്. പണി പൂർത്തീകരിച്ച് പഞ്ചായത്തിന് തിരികെ നൽകുകയോ പണി പൂർത്തിയായതായി ഔദ്യോഗിക അറിയിപ്പ് നൽകുകയോ ചെയ്യാതെയാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടനം തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ഇത് കായികപ്രേമികളോടുള്ള വെല്ലുവിളിയാണെന്നും എം.എൽ.എ നടത്തിവരുന്ന ഉദ്ഘാടന മാമാങ്കങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇതേസമയം, പ്രസിഡൻറ് വേദിവിട്ട ശേഷം പി.വി. ശ്രീനിജൻ എം.എൽ.എ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമൃത സനൂപ്, ജില്ല പഞ്ചായത്തംഗം ജൂബിൾ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ഇന്ദു, തുടങ്ങിയവർ സംസാരിച്ചു. പുതിയ കളിസ്ഥലത്തിന് അനുമതി ലഭിച്ചപ്പോൾ ടർഫ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും പുല്ലുപിടിപ്പിക്കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ, ടർഫ് നിർമാണമോ പുല്ലുപിടിപ്പിക്കലോ നടന്നില്ലെന്ന് മാത്രമല്ല ഗ്രൗണ്ട് പൂർണമായും തകർന്ന നിലയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

