സാമൂഹിക സുരക്ഷ പെൻഷൻ; നടപടി വേഗത്തിലാക്കാൻ പ്രത്യേക സെൽ രൂപവത്കരിക്കും
text_fieldsകൊച്ചി: സാമൂഹിക സുരക്ഷ പെൻഷൻ നടപടി വേഗത്തിലാക്കാൻ പ്രത്യേക സെൽ രൂപവത്കരിക്കാൻ കൊച്ചി കോർപറേഷൻ. സെൽ പ്രവർത്തനം സോണൽ ഓഫിസുകളിലോ മെയിൻ ഓഫിസിലോ ആയിരിക്കും. അപേക്ഷ സമർപ്പണ ശേഷം ചില സാഹചര്യങ്ങളിലുണ്ടാകുന്ന തടസ്സവും കാലതാമസവും ഇതോടെ ഒഴിവാകും. അർഹരായവർക്ക് യഥാസമയം പെൻഷൻ ലഭ്യമാകുമെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി.
കൈവശാവകാശ രേഖയുള്ള പട്ടികജാതിക്കാർക്കും പഠനമുറി അനുവദിക്കാനും തീരുമാനിച്ചു. കൈവശാവകാശ രേഖയുള്ളവരുടെ അപേക്ഷ പരിഗണിക്കാത്ത സാഹചര്യമുണ്ടെന്നും ഇതുമൂലം നിരവധി പേർ വിഷമം അനുഭവിക്കുന്നതായും കൗൺസിലർ പി.ആർ. റെനീഷ് ചൂണ്ടിക്കാട്ടി. പട്ടികജാതി ഡയറക്ടറുടെ മുന്നിൽ വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. പഠനമുറി അനുവദിക്കുന്നതിന് തടസ്സമില്ലെന്ന് മറുപടി ലഭിച്ചതായും റെനീഷ് പറഞ്ഞു.
കൗൺസിലർമാരുടെ അറിവോടെയാകണം വാർഡുകളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കേണ്ടതെന്ന് മേയർ നിർദേശിച്ചു. എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ കൗൺസിലർമാരുമായി ആശയ വിനിമയം നടത്തണം. കൗൺസിലർമാർ അറിയാതെ ചെയ്യുന്നത് ശരിയല്ല. പലയിടത്തും ലൈറ്റുകൾ സ്ഥാപിക്കുകയും ചിലത് വേഗത്തിൽ കേടാവുകയും ചെയ്യുന്നു.
എന്നാൽ, ഇതിന്റെ സാമ്പത്തിക ബാധ്യത വരുന്നത് കോർപറേഷനാണ്. ഇതൊഴിവാക്കണം. ജനകീയാസൂത്രണ പദ്ധതിയിനത്തിൽ സർക്കാറിന്റെ ബജറ്റ് വിഹിതപ്രകാരം കൂടുതലായി ലഭിച്ച തുക പ്രായോഗികമായി മാറ്റാൻ കഴിയുന്ന മേഖലകളിലേക്ക് നീക്കുമെന്നും മേയർ അറിയിച്ചു.
മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരികൾക്കെതിരെ പോരാട്ടം ശക്തമാക്കാനും കോർപറേഷൻ തീരുമാനിച്ചു. പൊലീസ്, എക്സൈസ് സേനാംഗങ്ങളെ ഉൾപ്പെടുത്തി വാർഡുതലത്തിൽ ആർ.ആർ.ടികൾ ശക്തമാക്കാൻ കൗൺസിൽ തീരുമാനിച്ചു.
ഹോമിയോ ഡോക്ടർമാരുടെ വേതനവർധനക്ക് തുല്യമായ വർധന അറ്റൻഡർക്കും ഫാർമസിസ്റ്റിനും അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് മേയർ പറഞ്ഞു. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസാണ് ഡോക്ടർമാർക്കൊപ്പം മറ്റുള്ളവർക്കും വേതന വർധന ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

