എസ്.ഐ.ആർ; രണ്ടുലക്ഷം പേർ ഭൂപടത്തിലില്ല; ജില്ലയിൽ നോൺമാപ്പിങ്ങിൽപെട്ടവർ 2,06,061
text_fieldsകൊച്ചി: ജില്ലയിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടും സാങ്കേതിക കാരണങ്ങളാൽ നോൺ-മാപ്പിങ് വിഭാഗത്തിൽപെട്ടത് രണ്ടുലക്ഷത്തിലേറെ പേർ. 2,06,061 പേരാണ് വിവിധ മണ്ഡലങ്ങളിലായി നോൺ മാപ്പിങ്ങിൽ കുടുങ്ങിയത്. ഇവരെല്ലാവരും തങ്ങളുടെ രേഖകളുമായി ഹിയറിങ്ങിനു ഹാജരാകേണ്ടി വരും. പേരുകൾ പട്ടികയിൽ ഉണ്ടെങ്കിലും, 2002ലെ വോട്ടർപട്ടിക, മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവയുമായി യോജിപ്പിക്കാനാവാത്തതാണ് പ്രശ്നത്തിനു കാരണം.
ഹിയറിങ് ഇന്നുമുതൽ
ചൊവ്വാഴ്ച മുതൽ ജനുവരി 28 വരെയാണ് ഹിയറിങ് നടത്തുക. രണ്ടുലക്ഷത്തിലേറെ പേർ ഹിയറിങ്ങിന് ഹാജരാകേണ്ടതുണ്ടെങ്കിലും ഇത്രയും പേർക്ക് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭ്യമായിട്ടില്ലെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. കമ്പ്യൂട്ടറിൽ 1,86,682 പേർക്കുള്ള നോട്ടീസ് തയാറാക്കിയിട്ടുണ്ടെങ്കിലും 4,642 പേർക്കു മാത്രമാണ് കിട്ടിയിട്ടുള്ളത്. ഇനിയും 19,379 പേർക്ക് നോട്ടീസ് തയാറാക്കാനുമുണ്ട്. നോൺമാപ്പിങ്ങിൽപെട്ട 52,216 പേരുടെ രേഖകൾ ഇതിനകം ബി.എൽ.ഒമാർ പരിശോധിച്ച് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം അവരും ഹിയറിങ്ങിൽ ഹാജരാകേണ്ടതുണ്ട്.
കൂടുതൽ തൃപ്പൂണിത്തുറയിൽ
നോൺമാപ്പിങ്ങിൽ ഉൾപ്പെട്ടവരുടെ എണ്ണം കൂടുതൽ തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്, 33,023 പേർ. 26,544 പേരുള്ള എറണാകുളമാണ് രണ്ടാമത്. 24650 പേരുള്ള തൃക്കാക്കര മൂന്നാമതുണ്ട്. കൊച്ചിയിൽ 14,778 േൽർ നോൺമാപ്പിങ്ങിൽ വന്നു. ഏറ്റവും കുറവ് കോതമംഗലത്താണ്, 5131.
നോൺമാപ്പിങ്ങിൽ അസാധാരണത്വമുണ്ടെന്ന് മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി. സംശയകരമായ പലതും ഇക്കാര്യത്തിലുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ നോൺമാപ്പിങ് വിഭാഗത്തിൽ ഉൾപ്പെട്ട തൃപ്പൂണിത്തുറയിൽ സാധാരണഗതിയിൽ ഇത്രയും വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫിസുകളിൽ ഹെൽപ് ഡെസ്ക്
ജനങ്ങൾക്ക് സഹായം ഉറപ്പാക്കുന്നതിെൻറ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളിലും ഹെൽപ് ഡെസ്ക് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ വില്ലേജ് ഓഫിസിലും കുറഞ്ഞത് രണ്ട് ജീവനക്കാരെ ഹെൽപ് ഡെസ്കിൽ നിയോഗിക്കാൻ നിർദേശിച്ചു. ആവശ്യമെങ്കിൽ മറ്റ് ഉദ്യോഗസ്ഥരെയും നിർദേശിക്കും.
എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി പ്രത്യേകശ്രദ്ധ ആവശ്യമായവർക്ക് വോട്ടവകാശം ഉറപ്പാക്കാനായി കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ, അംഗൻവാടി അധ്യാപകർ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫിസർമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നോൺ മാപ്പിങ് വിവിധ മണ്ഡലങ്ങളിൽ
- പെരുമ്പാവൂർ 8,642
- അങ്കമാലി 12,710
- ആലുവ 13,959
- കളമശ്ശേരി 13,027
- പറവൂർ 12,993
- വൈപ്പിൻ 9,482
- കൊച്ചി 14,778
- തൃപ്പൂണിത്തുറ 33,023
- എറണാകുളം 26,544
- തൃക്കാക്കര 24,650
- കുന്നത്തുനാട് 8,491
- പിറവം 11,821
- മൂവാറ്റുപുഴ 10,810
- കോതമംഗലം 5,131
- ആകെ 2,06,061
ആരുടെയും വോട്ടവകാശം നഷ്ടപ്പെടരുത് -മന്ത്രി പി. രാജീവ്
നോൺ-മാപ്പിങ് ഒരു പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യമിട്ടല്ലെന്നും സാങ്കേതിക പിഴവുകൾ മൂലം ആരുടെയും വോട്ടവകാശം നഷ്ടപ്പെടരുതെന്നുമാണ് സർക്കാർ നിലപാടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽ ഈ കാര്യം കൊണ്ടുവന്നിട്ടുണ്ട്. ഏത് രാഷ്ട്രീയ നിലപാടുള്ളവരായാലും ജനാധിപത്യത്തിൽ ഓരോരുത്തരുടെയും വോട്ടവകാശം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് പി. രാജീവ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

