സിഗ്നലുകൾ തകരാറിലായി; നഗരം ഗതാഗതക്കുരുക്കിൽ
text_fieldsമൂവാറ്റുപുഴ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന മൂവാറ്റുപുഴ നഗരത്തിലെ പ്രധാന രണ്ട് ട്രാഫിക് സിഗ്നലുകളും തകരാറിലായി. ഇതോടെ ജനം കുരുക്കിലായി. ഏറ്റവും തിരക്കേറിയ ശനിയാഴ്ച രാവിലെ മുതലാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയും എം.സി റോഡും സന്ധിക്കുന്ന വെള്ളൂർക്കുന്നം ജങ്ഷനിലെയും തൊടുപുഴ റോഡ് എം.സി റോഡുമായി സന്ധിക്കുന്ന പി.ഒ ജങ്ഷനിലെയും സിഗ്നലുകൾ പണിമുടക്കിയത്.
ദിവസങ്ങളായി പ്രവർത്തനരഹിതമായിരുന്ന പോസ്റ്റ് ഓഫിസ് ജങ്ഷനിലെ സിഗ്നൽ തകരാർ പരിഹരിച്ചിരുന്നുവെങ്കിലും വീണ്ടും കേടായി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മിന്നലിലാണ് വെള്ളൂർക്കുന്നം സിഗ്നൽ തകരാറിലായത്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എം.സി റോഡിൽ ശബരിമല സീസൺ കൂടിയായതോടെ വാഹനങ്ങളുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
നിലവിൽ രാവിലെയും വൈകീട്ടും വൻ ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. സിഗ്നൽ കൂടി തകരാറിലായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കെ.എസ്.ടി.പി എം.സി റോഡ് നവീകരിച്ച 2005ൽ സ്ഥാപിച്ചതാണ് സിഗ്നലുകൾ. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. തകരാർ ഉണ്ടാകുമ്പോൾ താൽക്കാലിക പരിഹാരം കാണാറാണ് പതിവ്.
സിഗ്നൽ സ്ഥാപിച്ച സ്ഥാപനത്തിന് അറ്റകുറ്റപ്പണി നടത്തിയ വകയിൽ നല്ല തുക നൽകാനുണ്ടെന്നാണ് സൂചന. ഇതുമൂലം സിഗ്നൽ തകരാറിലായി ദിവസങ്ങൾ കഴിഞ്ഞാലും അറ്റകുറ്റപ്പണി നടത്താറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

