അഗ്നിരക്ഷ വേണം
text_fieldsകൊച്ചി: ഏതാനും മാസത്തിനുള്ളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ഭൂരിഭാഗം സ്ഥലങ്ങളിലും കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത് ഷോർട്ട് സർക്യൂട്ട്. തുടർച്ചയായ ഇത്തരം സംഭവങ്ങൾ വീടുകൾ മുതൽ വ്യവസായ സമുച്ചയങ്ങൾ വരെയുള്ള കെട്ടിടങ്ങൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.
ഒരാഴ്ച മുമ്പ് ഓണത്തിരക്കുകൾക്കിടെ തൃക്കാക്കരയിലും അങ്കമാലി ഭാഗത്തും തീപിടിത്തമുണ്ടായി. ഓണനാളിൽ രാവിലെ പത്തരയോടെയാണ് ഉണിച്ചിറയിലെ ഫർണിച്ചർ ആൻഡ് ടൂൾസ് സർവിസ് എന്ന വർക്ക്ഷോപ്പിന് തീ പിടിച്ചത്. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. സമീപത്തുണ്ടായിരുന്ന മീറ്റ് എഗെയ്ൻ എന്ന കോഴിക്കടയിലെ ഫ്രീസറും കോഴികളും നശിച്ചു. ഉച്ചയോടെ വാഴക്കാല ഓലിക്കുഴി സ്വദേശിയുടെ വീട്ടിലെ സി.എൻ.ജി പൈപ്പ് ലൈനിന് തീപിടിച്ചു. സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ പടർന്ന തീയാണ് വ്യാപിച്ചത്. അങ്കമാലി പാറക്കടവിൽ വീടിനുണ്ടായ തീപിടിത്തത്തിലും നാശനഷ്ടമുണ്ടായി. കഴിഞ്ഞ 18ന് പാലാരിവട്ടം ജങ്ഷനിലെ മൈസൂർ രാമൻ ഇഡ്ഡലിക്കടയിലുണ്ടായ തീപിടിത്തത്തിന് കാരണവും ഷോർട്ട് സർക്യൂട്ട് ആയിരുന്നു. പാചകവാതക സിലിണ്ടറുകൾ പുറത്തുവെച്ചിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. പെരുമ്പാവൂർ പോഞ്ഞാശ്ശേരി ചുണ്ടമലയിലെ പ്ലാസ്റ്റിക് കമ്പനിയിലും ചേലാട് മില്ലുംപടിയിലെ ഡ്രൈവിങ് സ്കൂളിന്റെ കാറിനും തീപിടിച്ചതും സമീപ ആഴ്ചകളിലാണ്. പുതുവൈപ്പിൽ ഫർണിച്ചർ നിർമാണ യൂനിറ്റിലുണ്ടായ തീപിടിത്തത്തിൽ 65 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് ഉടമ അറിയിച്ചത്. ആളപായമടക്കം പ്രശ്നങ്ങൾ ഒഴിവാക്കാൻ കെട്ടിട സുരക്ഷയിൽ കൂടുതൽ ശ്രദ്ധ പുലർത്തിയേ മതിയാകൂ.
ഷോർട്ട് സർക്യൂട്ട് സൂക്ഷിക്കണം
വൈദ്യുതിയുടെ സുരക്ഷിതമല്ലാത്ത ഉപയോഗമാണ് ഷോർട്ട് സർക്യൂട്ടിലേക്ക് നയിക്കുന്നത്. വൈദ്യുതി പ്രവഹിക്കുന്ന കമ്പികളിൽ ചൂട് വർധിക്കുന്നത് ഇതിന് കാരണമാകും. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ളതും നിലവാരമില്ലാത്തതുമായ വയറുകൾ, സ്വിച്ചുകൾ, പ്ലഗ് പോയന്റുകൾ എന്നിവയൊക്കെ ഇത്തരത്തിൽ ചൂട് വർധിപ്പിക്കും. സ്വിച്ചുകൾ, പ്ലഗുകൾ, സോക്കറ്റുകൾ എന്നിവയൊക്കെ ബന്ധിപ്പിച്ചിരിക്കുന്നത് ശരിയായ രീതിയിലല്ലെങ്കിലും ഷോർട്ട് സർക്യൂട്ടുണ്ടാകും.
താങ്ങാനാകുന്നതിൽ കൂടുതൽ വൈദ്യുതി പ്രവഹിക്കുമ്പോൾ വയറുകളുടെ ഇൻസുലേഷൻ ഉരുകുകയും അപകടത്തിലേക്ക് വഴിവെക്കുകയും ചെയ്യും. സേഫ്റ്റി ഫ്യൂസിലുണ്ടാകുന്ന അപാകതകളും മറ്റൊരു കാരണമാണ്. സ്വിച്ചിടുമ്പോഴും മറ്റും അസ്വാഭാവിക ശബ്ദം കേൾക്കുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കിൽ അത് അപകട സൂചനയായി കണക്കാക്കണം.
മൾട്ടിപ്പിൾ പോയന്റ് സോക്കറ്റുകൾ ഉപയോഗിക്കുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്. ഒരു സോക്കറ്റിൽ ഒന്നിലധികം പ്ലഗ് ബന്ധിപ്പിക്കാവുന്ന മറ്റൊരു മൾട്ടിപ്പിൾ സോക്കറ്റ് ഉപയോഗിക്കുന്നത് വ്യാപകമാണ്. ബൾബ്, ലൈറ്റ്, ഫാൻ, മറ്റ് ഉപകരണങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ പ്രവർത്തിപ്പിക്കുമ്പോൾ ഷോർട്ട് സർക്യൂട്ട് സംഭവിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

