ഓണം ആനുകൂല്യമില്ല; ലോട്ടറി ഓഫിസിൽ ആത്മഹത്യ ഭീഷണിയുമായി വിൽപനക്കാരന്
text_fieldsമൂവാറ്റുപുഴ: ബോണസ് നൽകിയിെല്ലന്നാരോപിച്ച് ലോട്ടറി തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി. അരമണിക്കൂറോളം നീണ്ട ഭീഷണിക്ക് ഒടുവിൽ പൊലീസ് ഇയാളെ അനുനയിപ്പിച്ച് ശാന്തനാക്കി. നെടുമ്പാശ്ശേരിയിൽ ലോട്ടറിക്കട നടത്തുന്ന ചെറിയപാപ്പാശ്ശേരി അരീക്കൽ മനോജ് ഏലിയാസാണ് പൊലീസിനെയും ലോട്ടറി ഓഫിസ് ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്.
തിങ്കളാഴ്ച രാവിലെ 10ഓടെ മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നൽ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സബ് ഓഫിസിന് മുന്നിലാണ് പെട്രോളുമായെത്തി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.
കേരള ലോട്ടറി വകുപ്പിന് കീഴിലുള്ള കേരള ലോട്ടറി വെൽഫെയർ ബോർഡ് അംഗവും ലോട്ടറി ഏജന്റുമാണ് മനോജ് ഏലിയാസ്. ലോട്ടറി ഓഫിസർക്കും മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർക്കും മറ്റും ആത്മഹത്യ കുറിപ്പ് എഴുതി കൈയിൽ െവച്ച ശേഷമായിരുന്നു ഇത്. ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം വിട്ടയച്ചു.

