സെക്രട്ടറിക്ക് പഞ്ചായത്ത് അംഗങ്ങളിൽനിന്ന് വധഭീഷണി; പൊലീസ് സംരക്ഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: പഞ്ചായത്ത് അംഗങ്ങളിൽനിന്ന് വധഭീഷണിയുള്ള സാഹചര്യത്തിൽ സെക്രട്ടറിക്ക് പൊലീസ് സംരക്ഷണത്തിന് ഹൈകോടതിയുടെ ഉത്തരവ്. ഉദയംപേരൂർ പഞ്ചായത്ത് സെക്രട്ടറി പി.എ. മുഹമ്മദ് ഹാഷിമിന് ഓഫിസിലെത്തി ജോലി ചെയ്യാൻ ഉദയംപേരൂർ പൊലീസ് മതിയായ സംരക്ഷണം നൽകണമെന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളിൽനിന്ന് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നടക്കാവ്-മുളന്തുരുത്തി റോഡിലെ മാലിന്യശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 99,000 രൂപയുടെ ബിൽ പാസാക്കുന്നത് സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിയുടെ നേതൃത്വത്തിൽ അംഗങ്ങൾ സെക്രട്ടറിയുടെ ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
പിന്നീട് പഞ്ചായത്ത് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് യോഗം വിളിച്ചു. ഇതേ പ്രവൃത്തിക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചത് 40,000 രൂപയാണെന്നും അത്രയും തുകയുടെ ബിൽ മാറി നൽകാമെന്നുമായിരുന്നു സെക്രട്ടറിയുടെ നിലപാട്. എന്നാൽ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഇത് എതിർത്തു. ഇതിന് പിന്നാലെയാണ് വധഭീഷണിയടക്കം ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി സെക്രട്ടറി കോടതിയെ സമീപിച്ചത്. എതിർ കക്ഷികളായ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

