താമരവട്ടത്ത് വീണ്ടും പറന്നിറങ്ങി കടൽക്കാക്കകൾ
text_fieldsചെറായി: താമരവട്ടത്തെ പാടശേഖരങ്ങളിലേക്ക് പറന്നിറങ്ങിയ കടല്‍ക്കാക്കകളെ കാമറയിൽ പകർത്താൻ പ്രകൃതിസ്നേഹികളും പക്ഷിനിരീക്ഷകരുമെത്തി. ദേശാടകരായ തവിട്ടുതലയന്‍ കടല്ക്കാക്കയുടെയും കറുപ്പുതലയന് കടല്ക്കാക്കയുടെയും സംഘങ്ങള്‍ എത്തിയതറിഞ്ഞാണ് ചിത്രങ്ങള്‍ പകര്‍ത്താൻ ആളുകൾ ഇവിടെയെത്തുന്നത്. ചെറിയ ഇടവേളക്കുശേഷമാണ് കടല്‍ക്കാക്കകളുടെ സംഘം താമരവട്ടത്ത് എത്തിയതെന്ന് സമീപവാസിയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ റോമി മാളിയേക്കല്‍ പറയുന്നു.
ഇപ്പോള്‍ ദേശാടകരായി എത്തിയവയില്‍ പല്ലാസ്, കാസ്പിയന്‍ തുടങ്ങിയ ഇനങ്ങളില്‍പെട്ട കടല്ക്കാക്കകളുണ്ടോ എന്നറിയാനാണ് പക്ഷിനിരീക്ഷകരുടെ ശ്രമം. റഷ്യ, യുക്രെയ്ന്, കസാഖ്സ്താന് തുടങ്ങിയ രാജ്യങ്ങളിലാണ് കടല്‍ക്കാക്കകളെ അധികമായും കാണുന്നത്. ജന്മദേശത്തെ അതികഠിനമായ തണുപ്പില്‍നിന്ന് രക്ഷനേടാനാണ് ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെ ഇവ ദേശാടനം നടത്തുന്നത്. മാര്‍ച്ചോടെ ഇവ സ്വദേശത്തേക്ക് തിരികെപ്പോകും. കരഞ്ഞുകൊണ്ടാണ് ഇവയുടെ സഞ്ചാരം. 45 സെ.മീ. വരെ ശരീരത്തിന് നീളം കാണും. ശരാശരി 250 ഓളം ഗ്രാമാണ് ഭാരം.
പൊതുവെ കടല്ത്തീരങ്ങളിലാണ് കടല്‍ക്കാക്കകളെ കാണുന്നത്. വളരെ അപൂര്‍വമായെ പാടശേഖരങ്ങളിൽ ഇവയെത്താറുള്ളൂ. വലിയ കെട്ടിടങ്ങള്‍ ഇല്ലാത്തതും പുഴയോട് ചേർന്നു കിടക്കുന്ന വിശാലമായ പച്ചപ്പ് നിറഞ്ഞ ശാന്തമായ അന്തരീക്ഷവും ജലാശയങ്ങള്‍ ഉള്ളതുമാണ് താമരവട്ടത്തേക്ക് ദേശാടനപ്പക്ഷികളെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. കൂടുകെട്ടുന്നവക്ക് സൗകര്യപ്രദമായ പൊന്തക്കാടുകളും ഇവിടെയുണ്ട്. നീലക്കോഴി, പവിഴക്കാലി, ചേരക്കൊക്കന്, ചായമുണ്ടി തുടങ്ങിയ സ്ഥിരവാസികളായ പക്ഷികളെകൂടാതെ ദേശാടകരായ രാജഹംസവും പാത്തകളും ഐബിസുകളുമൊക്കെ ഇവിടെ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.