സ്കൂൾ ഉച്ചഭക്ഷണം: പ്രഥമാധ്യാപകർ വീണ്ടും കുരുക്കിൽ
text_fieldsകൊച്ചി: സ്കൂൾ ഉച്ചഭക്ഷണത്തുക മൂന്ന് മാസമായി കുടിശ്ശികയായതോടെ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതമൂലം പ്രഥമാധ്യാപകർ വീണ്ടും ദുരിതത്തിൽ. പല ജില്ലകളിലായി ഏഴ് ലക്ഷം രൂപ വരെ ബാധ്യതയുള്ള പ്രധാനാധ്യാപകരുണ്ട്. കേന്ദ്രവിഹിതം ലഭിക്കാത്തതുകൊണ്ടാണ് ഫണ്ട് അനുവദിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാറിന്റെ പദ്ധതിയായ പോഷകാഹാര പരിപാടിയിൽ പാൽ, മുട്ട എന്നിവ വിതരണം ചെയ്ത ഇനത്തിലും ഫണ്ട് കുടിശ്ശികയാണെന്ന് അധ്യാപകർ പറയുന്നു.
ഫണ്ട് മുൻകൂറായി അനുവദിക്കാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമല്ലെന്നും സർക്കാറിന്‍റെ നിസ്സംഗത പ്രതിഷേധാർഹമാണെന്നുമാണ് അധ്യാപകരുടെ നിലപാട്. സ്വന്തം പണംമുടക്കി പദ്ധതി നടപ്പാക്കി ബില്ലും വൗച്ചറും സമർപ്പിച്ച് അംഗീകാരം വാങ്ങിയശേഷം കരാറുകാരെപ്പോലെ ഫണ്ട് വരുന്നതുവരെ കാത്തുനിൽക്കേണ്ട ഗതികേടിലാണ് പ്രഥമാധ്യാപകർ.
ഫണ്ട് അനുവദിക്കാതെ സർക്കുലർ ഇറക്കിയതുകൊണ്ട് മാത്രം പദ്ധതി മുന്നോട്ട് പോകില്ലെന്നും അവർ പറയുന്നു. സർക്കാർ നിസ്സംഗത തുടർന്നാൽ കോടതിയെ സമീപിക്കേണ്ടിവരുമെന്നും അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) സംസ്ഥാന പ്രസിഡന്‍റ് ബിജു തോമസും ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിലും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

