മുത്തച്ഛൻമാരേ, വരൂ സ്കൂളിൽ പോകാം
text_fieldsrepresentational image
കൊച്ചി: മുതിര്‍ന്ന പൗരന്മാര്ക്കായി ശാസ്ത്രീയമായി രൂപകല്പനചെയ്ത ലോകത്തിലെ ആദ്യത്തെ സ്കൂൾ എന്ന് വിശേഷിപ്പിക്കാവുന്ന സ്കൂള്‍ ഓഫ് സീനിയേഴ്സ് എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രോവിഡന്‍സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഓര്‍മക്കുറവ് പോലുള്ള പല സങ്കീര്‍ണതകൾ നിയന്ത്രിച്ച് വാർധക്യത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന ‘പ്രോടീന്‍’ എന്ന പേരിൽ പ്രത്യേകം രൂപകല്പന ചെയ്ത ആന്റി-ഏജിങ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ പ്രവർത്തനം.
പുതിയ ഭാഷകള്‍, കലകള്‍, വിഷയങ്ങള്‍ എന്നിവയുടെ പഠനം, കളികള്‍, സീനിയര്‍ ഇന്റേണ്‍ഷിപ്, ഗവേഷണം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വാർധക്യത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയാണ് പ്രോടീന്‍ ചെയ്യുന്നത്. മാനസികവും ശാരീരികവും വൈജ്ഞാനികവുമായ പ്രശ്നങ്ങള്‍ നിയന്ത്രിക്കാൻ സര്‍ഗാത്മകവും സാഹസികവുമായ വിവിധ പഠന, പഠനേതര പ്രവര്‍ത്തനങ്ങള്‍ പ്രോടീന്‍ ഉപയോഗിക്കുന്നു. സൈക്കോളജിസ്റ്റുകള്‍, ന്യുട്രീഷനിസ്റ്റുകള്, ബ്യൂട്ടീഷനുകള്‍, ഫാഷന്‍ ഡിസൈനർമാർ, ഫിനാന്‍ഷ്യല്‍ പ്ലാനർമാർ എന്നിവരുടെ സഹായവും ലഭിക്കും.
സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എസ്.എം.ആർ.ഐ) സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് സൈക്കോളജി വിദഗ്ധരായ ബി.ടി. സിജിന്‍, മൃദുല ബി. പൈ, നിമ്ര സക്കീര്‍ ഹുസൈന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രോടീന്‍ പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്. സ്കൂള്‍ ഓഫ് സീനിയേഴ്സിന്റെ ഉദ്ഘാടനം 26ന് വൈകീട്ട് നാലിന് ഹൈബി ഈഡന് എം.പി നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8138883220.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

