ഉറപ്പ്@സ്കൂള്‍ ; പ്രത്യേക ഗ്രൂപ്പുകൾക്ക് രൂപംനൽകും
text_fieldsറൂറല്‍ ജില്ല പൊലീസ് നടപ്പാക്കുന്ന ‘ഉറപ്പ്@സ്കൂള്‍’
പദ്ധതിയുടെ പെരുമ്പാവൂര്‍ സബ് ഡിവിഷന് യോഗം
എസ്.പി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂര്‍: വിദ്യാര്‍ഥികള്‍ക്കും വിദ്യാലയത്തിനും സുരക്ഷ ഉറപ്പാക്കാന്‍ റൂറല്‍ ജില്ല പൊലീസ് നടപ്പാക്കുന്ന ഉറപ്പ്@സ്കൂള്‍ പദ്ധതിയുടെ പെരുമ്പാവൂര്‍ സബ് ഡിവിഷന് യോഗം എസ്.പി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധികളും പ്രധാന അധ്യാപകരും പി.ടി.എ ഭാരവാഹികളും മാനേജര്‍മാരും പങ്കെടുത്തു.
പ്രവര്‍ത്തനത്തിന്റെ ആദ്യപടിയായി അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, മാനേജര്‍മാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ക്ക് രൂപംനൽകും. ബോധവത്കരണ പരിപാടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രചാരണവും നടത്തും. അധ്യാപകര്‍ക്ക് സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിക്കാം. ഇത് പ്രത്യേക ടീം 24 മണിക്കൂറും നിരീക്ഷിക്കും. പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടാക്കും. മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാൻ വിദഗ്ധര്‍ ക്ലാസുകളെടുക്കും.
മയക്കുമരുന്ന് ഉപയോഗമോ, വിൽപനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗ്രൂപ്പുവഴിയോ, ഫോണ്‍ മുഖാന്തരമൊ പൊലീസിനെ അറിയിക്കാം. വിദ്യാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് പരിശീലനവും നല്‍കും. വിദ്യാലയങ്ങളുടെ പരിസരത്തെ വ്യാപാര സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലായിരിക്കും. പരിസരങ്ങളില്‍ സ്ഥിരമായി കാണുന്ന അപരിചിതരെക്കുറിച്ച് വിവരമറിയിക്കാം.
പോക്സോ കേസുകളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലും അധ്യാപകരിലും ബോധ്യം സൃഷ്ടിക്കും. വിദ്യാര്‍ഥികളില്‍ ഗതാഗത ബോധവത്കരണം നടത്തും. റാഗിങ് സംബന്ധമായ കാര്യങ്ങളും ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കാം. വരുംദിവസങ്ങളില്‍ മറ്റു സബ്ഡിവിഷനുകളിലും യോഗം നടക്കും. ആദ്യമായാണ് പൊലീസ് സംവിധാനത്തില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. യോഗത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പി ശക്തി സിങ് ആര്യ, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

