റോഡിലെ നിയമലംഘനം; തെറിച്ചത് 930 പേരുടെ ലൈസൻസ്
text_fieldsകൊച്ചി: ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് ഈ വർഷം ഇതുവരെ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത് 930 ഡ്രൈവർമാരുടെ ലൈസൻസ്. മരണത്തിന് കാരണമായ അപകടങ്ങൾക്കും മദ്യപിച്ചതിനും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനുമാണ് ഏഴ് മാസത്തിനുള്ളിൽ ഇത്രയും ലൈസൻസ് റദ്ദാക്കപ്പെട്ടത്. റോഡുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ബസുകളും ലോറികളും ഇരുചക്ര വാഹനങ്ങളും ഉണ്ടാക്കുന്ന അപകടങ്ങൾ ജില്ലയിൽ തുടർക്കഥയാവുകയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം റോഡ് അപകടങ്ങൾ ഉണ്ടാവുന്ന ജില്ലകളിൽ ഒന്നാണ് എറണാകുളം.
പരിശോധനകൾ കർശനമാക്കുന്നു
റോഡിലെ നിയമലംഘനങ്ങൾ കൂടുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കി. ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ നടപടിയെടുത്ത കേസുകൾ മാത്രം ഉൾപ്പെടുന്നതാണ് നിലവിലെ കണക്ക്. കഴിഞ്ഞ ദിവസം എറണാകുളം ടൗൺ ഹാളിന് സമീപം അമിതവേഗത്തിൽ വന്ന ബസിടിച്ച് സ്കൂട്ടർ യാത്രികനായ 19 വയസ്സുകാരൻ മരിച്ചിരുന്നു. ഇതിനുപുറമെ മത്സരയോട്ടം കാരണവും രാത്രികാലങ്ങളിലെ അമിതവേഗത കാരണവും റോഡിൽ ഉണ്ടാവുന്ന അപകടങ്ങൾ നിരവധിയാണ്. ദിവസങ്ങൾക്ക് മുമ്പ് അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് ആർ.ടി.ഒ മൂന്ന് മാസത്തേക്ക് റദ്ദാക്കിയിരുന്നു.
കുറയാതെ നിയമലംഘനങ്ങൾ
ബസ്, ഓട്ടോ, ലോറി തുടങ്ങിയ വാഹന ഡ്രൈവർമാരുടെ ലൈസൻസുകളാണ് റദ്ദാക്കപ്പെടുന്നതിൽ അധികവും. മരണത്തിന് കാരണമായ അപകടത്തിൽപെട്ടും ഗുരുതര പരിക്കേൽപ്പിച്ച അപകടങ്ങളിൽ സൃഷ്ടിക്കുന്നതും കാരണം ലൈസൻസ് നഷ്ടപ്പെടുന്നവരാണ് ഏറ്റവും കൂടുതൽ. മദ്യപിച്ച് വാഹനം ഓടിച്ചതിനും നിരവധി പേരുടെ ലൈസൻസ് റദ്ദാക്കി. അപകടകരമായ ഡ്രൈവിങ്ങിന് പൊലീസ് സ്വമേധയ എടുത്ത കേസുകളിലും അധികചാർജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ കിട്ടിയ പരാതിയിന്മേലും ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.
കലൂർ മോഡൽ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന്റെ മുന്നിൽ മാൻഹോളിന് ചുറ്റും റോഡ് തകർന്ന നിലയിൽ. ഇന്നലെ ഇതിൽ വീണ് മറിഞ്ഞ സ്കൂട്ടറിൽ ഇടിച്ച് തകർന്ന കാറും കാണാം. അപകടത്തിൽ സ്കൂട്ടർ യാത്രികൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇടിയിൽ കാറിന്റെ ടയറും പൊട്ടി രതീഷ് ഭാസ്കർ
ചെറുപ്പക്കാരാണ് റോഡ് അപകടങ്ങളിൽപെട്ട് ലൈസൻസ് നഷ്ടപ്പെടുന്നവരിൽ അധികവുമെന്നാണ് അധികൃതർ പറയുന്നത്. പുതിയ വണ്ടികൾ ചീറിപ്പാഞ്ഞും റോഡുകളിലൂടെ അശ്രദ്ധമായി ഓടിച്ചും ഇവർ അപകടസാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. പ്രായമായ കാൽ നടക്കാരും, ഇരുചക്ര വാഹന യാത്രികരുമാണ് ഇത്തരം അപകടത്തിൽപെടുന്നവരിൽ ഏറെയും എന്നത് ആശങ്കക്കിടയാക്കുന്നു.
ഗതാഗത നിയമലംഘനം: പിഴ ഈടാക്കിയത് 1.31 കോടി
1.24 ലക്ഷം പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്തു
നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയടക്കം ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ പിഴയായി ഈടാക്കിയത് 1.31 കോടി രൂപ. 1.24 ലക്ഷം പെറ്റിക്കേസുകൾ ഈ കാലയളവിൽ രജിസ്റ്റർ ചെയ്തതായും ട്രാഫിക് വിഭാഗം അസി. കമീഷണർ കെ.എ. മുഹമ്മദ് നിസാർ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എറണാകുളം ബാനർജി റോഡിൽ 18 വയസ്സുകാരന്റെ മരണത്തിനിടയായ അപകടത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. നേരത്തെ, മേനക ജങ്ഷനിൽ അപകടത്തിനിരയായി സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ബസ് ഓടിച്ചിരുന്ന, നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്ന പള്ളുരുത്തി സ്വദേശി പി.ജെ. അനൂപിനെതിരെ കാപ്പ ചുമത്താനുള്ള നടപടി ആരംഭിച്ചു.
ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശം മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ചെങ്കിലും യൂനിയനുകളുടെ എതിർപ്പ് മൂലം നടപ്പാക്കാനായിട്ടില്ല. നഗരത്തിലെ സ്വകാര്യ ബസുകളുടെ സമയക്രമം പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ ആർ.ടി.ഒക്ക് കത്ത് നൽകിയതിനും നടപടിയുണ്ടായിട്ടില്ല. ഗതാഗത നിയമലംഘനം പിടികൂടാൻ കാമറ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ശക്തികുറഞ്ഞ വൈദ്യുതി വാഹനങ്ങൾ ഓടിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്നുമുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്.
അപകടകരമായ ഡ്രൈവിങ്; സ്വകാര്യ ബസടക്കമുള്ളവയോട് സഹിഷ്ണുത വേണ്ട -ഹൈകോടതി
റോഡിന്റെ ശോച്യാവസ്ഥ ലാഘവത്തോടെ കാണാനാകില്ല
അലക്ഷ്യമായും അപകടകരമായും സർവിസ് നടത്തുന്ന സ്വകാര്യ ബസുകളടക്കമുള്ളവയോട് ഒരുതരത്തിലും അധികൃതർ സഹിഷ്ണുത കാട്ടരുതെന്ന് ഹൈകോടതി. കഴിഞ്ഞദിവസം എറണാകുളം ടൗൺഹാളിന് മുന്നിൽ ബസിടിച്ച് കോളജ് വിദ്യാർഥി മരിക്കാനിടയായ സംഭവം പരാമർശിച്ചാണ് കോടതിയുടെ നിർദേശം. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണം. എം.ജി റോഡ്, ബാനർജി റോഡ്, പത്മ ജങ്ഷഷൻ, എച്ച്.എം.ടി ജങ്ഷൻ എന്നിവിടങ്ങളിൽ റോഡിലെ കുഴികൾ കോടതി കണ്ടിട്ടും എൻജിനീയർമാർ എന്തേ കാണാത്തതെന്നും കോടതിയിൽ ഹാജരായിരുന്ന പൊതുമരാമത്ത് വകുപ്പിന്റെയും കൊച്ചി കോർപറേഷന്റെയും എൻജിനീയർമാരോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
തന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ ബസുകളുടെ മത്സരയോട്ടം നേരിൽ കാണാനിടയായി. അലക്ഷ്യമായ ഡ്രൈവിങ്ങിനെ കുറിച്ച് പരാതിപ്പെടാനുള്ള ഫോൺ നമ്പർ ബസുകളിൽ എഴുതിവയ്ക്കണമെന്ന കോടതി നിർദേശം നാലുവർഷമായിട്ടും പാലിച്ചിട്ടില്ല. നഗരത്തിലെ അപകടകരമായ ഡ്രൈവിങ് തടയാൻ പൊലീസടക്കം പല കാര്യങ്ങളും ചെയ്യുന്നുണ്ട്. കാമറകൾ പ്രയോജനപ്പെടുത്തി നടപടികളും പിഴയും കൂടുതൽ കാര്യക്ഷമമാക്കണം. ബസുകളുടേത് തിരക്കിട്ട ഷെഡ്യൂൾ ആണെന്ന പേരിൽ വിട്ടുവീഴ്ച പാടില്ല. അമിതവേഗത്തിലുള്ള വാഹനങ്ങൾ ഉചിതമായ സ്ഥലത്തുവച്ച് തടഞ്ഞ് നിർദേശങ്ങൾ നൽകണം.
പാലിച്ചില്ലെങ്കിൽ നിരീക്ഷിച്ച് നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. കലൂർ-കടവന്ത്ര റോഡിൽ കുഴികൾ നികത്തിത്തുടങ്ങിയെന്ന് എൻജിനീയർമാർ അറിയിച്ചു. എന്നാൽ, പല റോഡുകളിലും അപകടകരമായ കുഴികൾ ഇപ്പോഴുമുണ്ടെന്ന് കോടതി പറഞ്ഞു. കലൂരിൽ കോടതി കോപ്ലംക്സിന് സമീപം ബാനർജി റോഡിലെ മാൻഹോളിന്റെ മൂടി വാഹനം പോകുമ്പോൾ ഇളകിനീങ്ങുന്ന സ്ഥിതിയിലാണുള്ളത്. എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ്. റോഡിന്റെ ശോച്യാവസ്ഥ ലാഘവത്തോടെ കാണാനാകില്ല. അപകട സാധ്യതകൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ജില്ല കലക്ടറെ വിളിച്ചുവരുത്തേണ്ടിവരും. കലൂർ -കടവന്ത്ര റോഡ് ബൈക്കിൽ നിന്ന് തെറിച്ചുവീണ സ്ത്രീ കോടതിയിലേക്ക് കത്ത് എഴുതി.
കോടതി ഇടപെട്ടപ്പോൾ അവിടെ കുഴിയടക്കൽ ജോലി തുടങ്ങിയെന്നും കോടതി പറഞ്ഞു. ചില രാജ്യങ്ങളിൽ റോഡുപണി നാട്ടുകാർ അറിയുക പോലുമില്ല. ഗതാഗതത്തിന് താൽക്കാലിക മേൽപ്പാലങ്ങളുണ്ടാക്കും. ഇത്രയുമില്ലെങ്കിലും റോഡുകളിൽ മിനിമം സൗകര്യമെങ്കിലും ഒരുക്കേണ്ടതാണ്. നഗരത്തിലെ റോഡുകൾ രണ്ടാഴ്ചക്കകം അറ്റകുറ്റപ്പണി ചെയ്യുമെന്ന സർക്കാറിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
പരിശീലന ക്ലാസ് നിർബന്ധം
ലൈസൻസ് റദ്ദാക്കപ്പെടുന്നവർക്ക് തിരികെ ലൈസൻസ് നൽകുന്നതിന് മുമ്പ് തിരുത്തൽ പരിശീലനം നൽകുന്നുണ്ട്. ഗുരുതര അപകടത്തിൽപെട്ട് ലൈസൻസ് നഷ്ടപ്പെട്ടവർക്ക് സസ്പെൻഷൻ കാലാവധിക്ക് ശേഷം അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനം നൽകും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്നിങ് ആൻഡ് റിസർച്ചിലാണ് (ഐ.ഡി.ടി.ആർ) പരിശീലനം നൽകുന്നത്. -സി.ഡി. അരുൺ (ജോയന്റ് ആർ.ടി.ഒ, എറണാകുളം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

