ആവർത്തിച്ചുള്ള പൈപ്പ് പൊട്ടൽ; സുരക്ഷാവീഴ്ചയെന്ന് ആരോപണം
text_fieldsകൊച്ചി: മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് മുടങ്ങിയ കുടിവെള്ളവിതരണം ഇതുവരെ പുനഃസ്ഥാപിക്കാനായില്ല.
ഇതിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ ജലവിതരണം മുടങ്ങിയ സ്ഥലങ്ങളിൽ ബുധനാഴ്ച വൈകീട്ടോടെ വെള്ളം എത്തിക്കാൻ തീരുമാനിച്ചു. പൈപ്പ് പൊട്ടിയതിനാൽ റോഡുകളിലൂടെ വന്തോതിലുള്ള ശുദ്ധജലനഷ്ടമാണ് ഉണ്ടായത്.
ഇതിൽ സഹികെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം തിങ്കളാഴ്ച രാത്രി അരങ്ങേറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും മെട്രോ ലൈനിന്റെ പണി നടക്കുന്നതിനിടെ സമാനരീതിയിൽ പൈപ്പ് പൊട്ടിയിരുന്നു. അതുമൂലം ഏകദേശം 1000ത്തിലധികം വീടുകളിലേക്കുള്ള ജലവിതരണം മുടങ്ങിയിരുന്നു. കലൂർ, പാലാരിവട്ടം, തമ്മനം ഉൾപ്പെടെ മേഖലകളിലേക്കുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്.
ഇത് പരിഹരിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി വീണ്ടും പൈപ്പ് പൊട്ടിയത്. മേഖലയിലേക്കുള്ള നാലിൽ അധികം ഡിവിഷനുകളിലേക്കുള്ള ജലവിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. നിർമാണം നടക്കുന്നതിനിടെ സുരക്ഷാമാർഗ്ഗങ്ങൾ കൃത്യമായി സ്വീകരിക്കാത്തതാണ് ആവർത്തിച്ചുള്ള പ്രതിസന്ധിക്ക് കാരണം.
ജലവിതരണം തടസ്സപ്പെട്ട മേഖലകളിലേക്ക് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുമെന്ന് ജില്ല കലക്ടർ പറഞ്ഞിരുന്നെങ്കിലും കലൂർ, തമ്മനം, പാലാരിവട്ടം മേഖലകളിൽ വൈകീട്ടോടെയാണ് സാധ്യമായത്. താൽക്കാലികമായി ചോർച്ച അടച്ചിട്ടുണ്ടെങ്കിലും അത് പൂർണമല്ല.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച 540ാം പില്ലറിനടുത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളം മുടങ്ങിയിരുന്നു. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രശ്നകാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

