കേരളത്തിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം -എൻ.എസ്. മാധവൻ
text_fieldsഡി.സി.സി ആഭിമുഖ്യത്തിൽ സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘സാക്ഷര കേരളം എങ്ങോട്ട്’ സംവാദം സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: നവോത്ഥാന മൂല്യങ്ങൾ നിലനിർത്തി മുന്നോട്ടു പോയില്ലെങ്കിൽ കേരളവും താമസിയാതെ ജാതി മത തീവ്രവാദ നിലപാടുകളുടെ സംഘ്പരിവാർ അജണ്ടയിലേക്ക് നീങ്ങുമെന്ന് സാഹിത്യകാരൻ എൻ.എസ്. മാധവൻ. എറണാകുളം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'സാക്ഷര കേരളം എങ്ങോട്ട്' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ഇന്ത്യ: ഹിന്ദി ഹിന്ദു -ഹിന്ദുസ്ഥാൻ' എന്ന സങ്കുചിത ചിന്തയിൽ നിന്നുകൊണ്ട് സംഘ്പരിവാർ നടത്തുന്ന പ്രവർത്തനം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മതേതര മൂല്യങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഇതിനെതിരായി പ്രതിരോധം തീർക്കാൻ തനതായ സ്വത്വം നഷ്ടപ്പെടുത്താതെ തന്നെ കേരള സമൂഹത്തിന് കഴിയണം.
ജയിക്കുന്ന പാർട്ടി ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാൻ മറ്റ് പാർട്ടികളും ശ്രമിക്കുന്നു എന്നുള്ളത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. ബി.ജെ.പിയെ അനുകരിക്കാൻ കെജ്രിവാൾ നടത്തുന്ന ശ്രമങ്ങൾ ഇതിന് ഉദാഹരണമാണെന്നും എൻ.എസ്. മാധവൻ പറഞ്ഞു.
മൂലധന ശക്തികൾ രാഷ്ട്രീയ രംഗത്തെയും മേലാളന്മാരായി മാറുന്ന കാഴ്ച കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ കൂടുതലായി കാണുന്നു എന്നത് ഏറെ ദുഃഖകരമാണെന്ന് മുഖ്യ പ്രഭാഷകനായ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ പറഞ്ഞു.
ഡോ. എം.സി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ഡോ. ടി.എസ്. ജോയ്, എച്ച്. വിൽഫ്രഡ്, ഷൈജു കേളന്തറ എന്നിവർ സംസാരിച്ചു.