തോറ്റ ചരിത്രം കേട്ടിട്ടില്ല; റീത്ത പോളിന്റെ പോരാട്ടം ആറാം തവണ
text_fields1)റീത്ത പോൾ, 2) സ്വാതന്ത്ര്യ സമരസേനാനിയായ അന്തരിച്ച പിതാവ് ജോർജ് പള്ളിപ്പാട്ടിനും, മാതാവ് മേരിക്കുമൊപ്പം റീത്ത പോൾ (ഫയൽ ചിത്രം)
അങ്കമാലി: നഗരസഭയിൽ കൗൺസിലറായി കാൽനൂറ്റാണ്ട് പൂർത്തീകരിച്ച സ്വാതന്ത്ര്യസമര സേനാനിയുടെ മകൾ റീത്ത പോൾ ഇക്കുറിയും മത്സരരംഗത്ത്. അങ്കമാലി, പഞ്ചായത്തായിരുന്ന കാലഘട്ടം രണ്ട് പതിറ്റാണ്ടിലേറെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ അലങ്കരിച്ച, അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി ജോർജ് പള്ളിപ്പാട്ടിന്റെ ഇളയമകളാണ് റീത്ത.
പറവൂർ തേലപ്പിള്ളി കുടുംബാംഗവും മേയ്ക്കാട് ഗവ. എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസുമായ മേരിയാണ് മാതാവ്. 2000ത്തിലായിരുന്നു കന്നി അങ്കം. പിതാവിന്റെ പാതയിലൂടെ ജനസേവനത്തിറങ്ങിയ റീത്തക്കും കാൽനൂറ്റാണ്ട് ചരിത്രത്തിൽ ഇന്നോളം പരാജയം അനുഭവിക്കേണ്ടി വന്നിട്ടില്ല. കല്ലുപാലം അഞ്ചാം വാർഡിൽ നിന്ന് മൂന്ന് തവണയും, കോതകുളങ്ങര ഈസ്റ്റ് ആറാം വാർഡിൽ നിന്ന് രണ്ട് തവണയും വിജയിച്ച റീത്ത ആറാം പോരാട്ടത്തിനിറങ്ങുന്നത് മുല്ലശ്ശേരി ഏഴാം വാർഡിലാണ്.
ജനറൽ സീറ്റായ അഞ്ചാം വാർഡിൽ മത്സരിപ്പിക്കാനാണ് പാർട്ടി ആദ്യം തീരുമാനിച്ചതെങ്കിലും ഏഴാം വാർഡിൽ പരിഗണിച്ച സ്ഥാനാർഥി മത്സരിക്കാൻ അമാന്തം പ്രകടിപ്പിച്ചതോടെയാണ് റീത്തയെ ഏഴാം വാർഡിൽ നിയോഗിച്ചത്. ഭർത്താവ് പോൾ പാലാട്ടി നേവൽ ബേസ് റിട്ട. ജൂനിയർ ഡിസൈനർ ഓഫിസറായിരുന്നു. രണ്ടുമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

