സ്വകാര്യ ബസ് പരിശോധന; 144 ഡ്രൈവർമാർക്കെതിരെ നടപടി
text_fieldsമോട്ടോർ വാഹന വകുപ്പിന്റെയും ട്രാഫിക്കിന്റെയും നേതൃത്വത്തിൽ നിയമലഘനങ്ങൾക്കെതിരെ ഹൈകോർട്ട് ജങ്ഷനിൽ നടത്തിയ വാഹന പരിശോധന -ടി.ബി. രതീഷ് കുമാർ
കൊച്ചി: നഗരത്തിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ പരിശോധന ശക്തമാക്കി പൊലീസും മോട്ടോർ വാഹന വകുപ്പും. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 144 ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു.
സ്വകാര്യ ബസുകൾ അശ്രദ്ധമായും അമിത വേഗത്തിലും സർവിസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വെള്ളിയാഴ്ച നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തിയത്. 524 സ്വകാര്യ ബസുകൾ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയ 130 ബസ് ഡ്രൈവർമാർക്കെതിരെ പെറ്റിക്കേസ് എടുക്കുകയും ചെയ്തു.
മനുഷ്യജീവന് അപകടകരമാംവിധം വാഹനം ഓടിച്ചതിന് ഡ്രൈവർമാർക്കെതിരെ 14 കേസുകളും എടുത്തിട്ടുണ്ട്. തുടർന്നും ഇത്തരം നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടികളും പരിശോധനകളും തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എ. അക്ബർ അറിയിച്ചു.

