'വാച്ച് യുവർ നെയ്ബർ' പദ്ധതിയുമായി പൊലീസ്
text_fields112 എന്ന ഹെൽപ് ലൈനിൽ വിളിച്ചാൽ
ഏഴുമിനിറ്റിനകം പ്രതികരണം
ഉണ്ടാകുംവിധം സംവിധാനം ഒരുക്കി
കൊച്ചി: റെസി. അസോസിയേഷനുകളുമായി സഹകരിച്ച് പൊലീസ് നേതൃത്വത്തിൽ 'വാച്ച് യുവർ നെയ്ബർ' പദ്ധതി നടപ്പാക്കുമെന്ന് ഡി.ജി.പി അനിൽകാന്ത്. കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇത് വലിയ ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ. നമ്മുടെ അയൽക്കാരിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അത് പൊലീസിനെ അറിയിക്കണം. ജനമൈത്രി പൊലീസിെൻറ ഭാഗമായാണ് 'വാച്ച് യുവർ നെയ്ബർ' പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ റെസി. അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത് ഡി.ജി.പി വെളിപ്പെടുത്തിയത്. ഇതിെൻറ വിശദാംശങ്ങൾ തയാറാക്കിവരികയാണെന്നും ഉടൻതന്നെ പ്രായോഗികമാക്കുമെന്നും പറഞ്ഞു. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്റി നാർകോട്ടിക് സെല്ലിെൻറ ബോധവത്കരണ പരിപാടികൾ റെസി. അസോസിയേഷനുകളിൽ കൂടി വ്യാപിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നവർ അതിൽ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയുംവിധം സ്ഥാപിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
സീനിയർ സിറ്റിസൺസിെൻറ ക്ഷേമം ഉറപ്പാക്കുന്നതിനും പൊലീസ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പൊലീസുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും 112 എന്ന ഹെൽപ് ലൈനിൽ വിളിച്ചാൽ ഏഴുമിനിറ്റിനകം പ്രതികരണം ഉണ്ടാകുംവിധം സംവിധാനം ഒരുക്കിയിട്ടുണ്ട്. 2021 റെഗുലേഷൻ ആൻഡ് രജിസ്ട്രേഷൻ ഓഫ് റെസി. അസോസിയേഷൻ ബിൽ ഭേദഗതി ചെയ്ത് എല്ലായിടത്തും റെസി. അസോസിയേഷനുകൾ രൂപവത്കരിക്കുന്നത് ഉറപ്പാക്കുകയും അസോ. പരിധിയിലെ താമസക്കാരെല്ലാം അതിൽ അംഗമായിരിക്കണമെന്ന നിബന്ധന കൊണ്ടുവരികയും വേണമെന്ന നിർദേശം യോഗത്തിൽ ഉയർന്നു.
സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു, ഡി.സി.പി എസ്. ശശിധരൻ, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മട്ടാഞ്ചേരി എ.സി.പി അരുൺ കെ.പവിത്രൻ, ഡി.സി.പി അഡ്മിൻ ബിജു ഭാസ്കർ, കമാൻഡന്റ് എസ്. സുരേഷ്, വിവിധ റെസി. അസോസിയേഷനുകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.