കുറ്റകൃത്യങ്ങൾക്കെതിരെ നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കി
text_fieldsകൊച്ചി: നഗരത്തിൽ പരിശോധന ശക്തമാക്കി പൊലീസ്. വർധിക്കുന്ന മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും മദ്യപിച്ചു വാഹനം ഓടിച്ചു ഉണ്ടാകുന്ന അപകടങ്ങൾക്കെതിരെയും വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികിട്ടാപ്പുള്ളികളായി കഴിയുന്നവർക്കെതിരെയും നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.
പൊലീസ് കമീഷണർ എ. അക്ബറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി, എറണാകുളം സെൻട്രൽ, എറണാകുളം, തൃക്കാക്കര, ട്രാഫിക് അസി. പൊലീസ് കമീഷണർമാരെ ഏകോപിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരിശോധന.
ശനിയാഴ്ച നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തിയ സ്പെഷൽ കോമ്പിങ് ഓപറേഷനിൽ, മയക്കുമരുന്ന് വില്പനക്കും ഉപയോഗത്തിനുമെതിരെ 51 കേസും മദ്യപിച്ചു വാഹനം ഓടിച്ചതിന് 372 കേസും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 77 കേസും രജിസ്റ്റർ ചെയ്തു.
ഇതോടൊപ്പം പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതിന് 42 കേസും നിരോധിത പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വില്പനക്കുമെതിരെ 24 കേസും എടുത്തിട്ടുണ്ട്.
കൂടാതെ വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ ഒമ്പത് പേരെയും പിടികൂടി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുന്ന് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

