പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാൻ പദ്ധതികൾ; 8 വർഷത്തിൽ കൊഴിഞ്ഞത് 4000ത്തിലേറെ വിദ്യാർഥികൾ
text_fieldsകൊച്ചി: എട്ടുവർഷത്തിനിടെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞത് നാലായിരത്തിലേറെ വിദ്യാർഥികൾ. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളിലെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നായി 4088 വിദ്യാർഥികളാണ് കൊഴിഞ്ഞുപോയത്. 2011 മുതൽ 2016 വരെയുളള അഞ്ച് വർഷത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയത് 5351 പേരാണ്. ഇത് വെച്ച് നോക്കിയാൽ കൊഴിഞ്ഞുപോക്കിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. അക്കാലയളവിൽ ജില്ലയിൽ മൂന്ന് വിദ്യാലയങ്ങളും അടച്ചു പൂട്ടിയിട്ടുണ്ട്.
കൂടുതൽ കൊഴിഞ്ഞുപോക്ക് 2023ൽ
ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ കൊഴിഞ്ഞുപോയത് 2022-’23ലാണ്. 763 വിദ്യാർഥികളാണ് ആ വർഷം പഠനം മുഴുപ്പിക്കാതെ പോയത്. കഴിഞ്ഞ വർഷം 634 വിദ്യാർഥികൾ കൊഴിഞ്ഞുപോയി. ഇത് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതലാണ്. അന്തർ സംസ്ഥാനക്കാരുടെ കുട്ടികൾ കൂടുതലായി പഠിക്കുന്നത് ജില്ലയിലായതിനാൽ മാതാപിതാക്കളോടൊപ്പം അവർ നാട്ടിലേക്ക് മടങ്ങുന്നതാണ് എണ്ണം വർധിക്കാൻ കാരണം. കോവിഡ് കാലമായ 2020-’21ലാണ് എണ്ണം കുറവുണ്ടായത്. 117 വിദ്യാർഥികൾ മാത്രമാണ് ആ വർഷം കൊഴിഞ്ഞത്. 2021-’22ൽ 279 വിദ്യാർഥികളും കൊഴിഞ്ഞുപോയി.
കാരണങ്ങൾ നിരവധി
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് സർക്കാർ കണ്ടെത്തിയ കാരണങ്ങൾ നിരവധിയാണ്. വിദ്യാർഥികൾക്ക് പഠനത്തോടുളള വിമുഖത, രക്ഷിതാക്കളുടെ താത്പര്യമില്ലായ്മ, കുടുംബത്തിലെ അസ്വസ്ഥതകൾ, സ്ഥിരമായ അസുഖം, തുടർച്ചയായ വാസസ്ഥലം മാറൽ, ശാരീരിക പരിമിതിയുളള കുട്ടികൾക്ക് മറ്റു കുട്ടികളിൽ നിന്നുളള പരിഹാസം, സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിങ്ങനെയാണ് സർക്കാർ കണ്ടെത്തിയ കാരണങ്ങൾ. ഇതോടൊപ്പം പട്ടിക വർഗ മേഖലകളിലെ ലഹരി ഉപയോഗം, അമിത മദ്യപാനം, സ്കൂളുകളിലേക്കുളള ദൂരം, യാത്രാസൗകര്യങ്ങളുടെ അഭാവം എന്നിവയും പ്രശ്ന കാരണമായി വിലയിരുത്തിയിട്ടുണ്ട്. കൂടാതെ ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളോടുളള താത്പര്യക്കുറവും ഒരു വിഭാഗം വിദ്യാർഥികളെ കൊഴിഞ്ഞു പോക്കിന് പ്രേരിപ്പിക്കുന്നതായി കണ്ടെത്തി.
പരിഹാര മാർഗങ്ങളുമായി സർക്കാർ
പൊതുവിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ വിവിധ പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. സ്കൂളുകളിൽ വാഹന സൗകര്യം, കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ പരിപാടികൾ, സൗജന്യ പാഠപുസ്തക-യൂനിഫോം-ഭക്ഷണ വിതരണം, കലാകായിക പാഠ്യേതര പ്രവൃത്തികൾ, പട്ടികജാതി-വർഗ വിദ്യാർഥികൾക്കായി പ്രത്യേക പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ക്ലാസിൽ എത്താത്ത കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് പി.ടി.എയും അധ്യാപകരും ചേർന്ന് ഇടപെടലുകളും കാര്യക്ഷമമാക്കി. ശാരീരിക പരിമിതികളുളള വിദ്യാർഥികൾക്കായി സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദ പദ്ധതികൾ, മതിയായ എണ്ണം വിദ്യാർഥികളില്ലാത്ത സ്കൂളുകൾ കേന്ദ്രീകരിച്ച് മികവ് ഉയർത്തുന്നതിന് വിവിധ ഇടപെടലുകളും നടത്തി വരുന്നുണ്ട്. ഇതിന്റെ ഫലമായി കൊഴിഞ്ഞുപോക്ക് ക്രമാതീതമായി കുറഞ്ഞെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.