പെരുമഴയും വെയിലുമേറ്റ് യാത്രക്കാർ ദുരിതത്തിൽ
text_fieldsബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റിയതോടെ തോപ്പുംപടി ഹാർബറിന് സമീപം മഴയത്ത് വിദ്യാർഥിനികൾ ബസ് കാത്ത് റോഡിൽ ഇറങ്ങി നിൽക്കുന്നു
മട്ടാഞ്ചേരി: സൗന്ദര്യവൽക്കരണത്തിന്റെ മറവിലും നടപ്പാത നിർമ്മാണത്തിനും വേണ്ടി പൊളിച്ചു മാറ്റുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്തത് യാത്രക്കാരെ വലക്കുന്നു. പെരുമഴയും പൊരിവെയിലും കൊണ്ട് ബസ് കാത്ത് നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ചില സ്ഥാപനങ്ങളെ സഹായിക്കുവാനുള്ള താൽപര്യവും ഇത്തരം ഒഴിവാക്കലിലുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
കൊച്ചി മേഖലയിലെ പ്രധാന ജംഗ്ഷനായ തോപ്പുംപടിയിൽ പഴയ പട്ടേൽ ടാക്കീസിനു സമീപം ഉണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞു. കാലപ്പഴക്കവും ജീർണതയും ചൂണ്ടി കാണിച്ചായിരുന്നു പൊളിച്ചുമാറ്റിയത്. തോപ്പുംപടി ബി.ഒ.ടി പാലം വരുന്നതിന് മുമ്പ് തിരുവനന്തപുരത്തേക്ക് വരെയുള്ള യാത്രക്കാർ ബസ് കാത്തുനിന്നിരുന്നത് ഇവിടെയായിരുന്നു. പാലം വന്ന ശേഷം ചേർത്തല അരൂർ, പള്ളുരുത്തിയിലേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രമായി മാറുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തോപ്പുംപടി ഫിഷിംഗ് ഹാർബറിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം നടപ്പാത നവീകരണത്തിന്റെ പേരിൽ നീക്കം ചെയ്തത്.
നടപ്പാത നവീകരണം കഴിഞ്ഞ് സ്റ്റീൽ വേലി കെട്ടിയതോടെ കേന്ദ്രം ഓർമ്മയായി മാറി. ഈ കേന്ദ്രത്തിലാണ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ ബസ് കാത്ത് നിന്നിരുന്നത്. നൂറുകണക്കിന് കുട്ടികൾ കോരി ചൊരിയുന്ന മഴയും നനഞ്ഞ് റോഡിൽ ബസ് കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോൾ.
സ്കൂൾ വിടുന്ന വേളയിൽ നിരവധി കുട്ടികൾ ബസ് കയറാനായി റോഡിലേക്ക് കയറി നിൽക്കുന്നത് അപകട ഭീതിയും ഉയർത്തുന്നുണ്ട്. കപ്പലണ്ടി മുക്കിൽ മുമ്പുണ്ടായിരുന്ന ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റിയിട്ടും വർഷങ്ങളായി. ചെല്ലാനം ഭാഗത്തേക്ക് പോകുന്നവർ ആശ്രയിച്ചിരുന്ന തോപ്പുംപടി കണ്ണമാലി ബസ് കാത്തിരിപ്പു കേന്ദ്രവും പൊളിച്ചുമാറ്റിയതല്ലാതെ പുനർനിർമ്മിച്ചില്ല.
പലയിടങ്ങളിലെയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പൊളിച്ചുമാറ്റുകയോ വിസ്തീതീർണ്ണം കുറച്ച് ചെറുതാക്കുകയോ ചെയ്തിട്ടുണ്ട്. മഴ ശക്തമായതോടെ നാട്ടുകാർ പെരുമഴയുമേറ്റ് ബസ് കാത്ത് നിൽക്കുന്നത് ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കയാണ്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഫോർട്ടുകൊച്ചി റോ- റോ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുജീബ് റഹ്മാനും സബ് കലക്ടർക്ക് പരാതി അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

