ഉപജില്ല മത്സരങ്ങൾ തുടങ്ങി; നല്ല മൈതാനങ്ങളില്ലാതെ സംഘാടകർ വലയുന്നു
text_fieldsനാല് മാസം മുമ്പ് പരേഡ് മൈതാനത്തിലേക്ക് ഒടിഞ്ഞുവീണ വൃക്ഷശിഖരങ്ങൾ
ഫോർട്ട്കൊച്ചി: ചരിത്രപ്രസിദ്ധമായ പരേഡ് മൈതാനിയിലേക്ക് നാലുമാസം മുമ്പ് ഒടിഞ്ഞുവീണ വൃക്ഷശിഖരം ഇതുവരെ മാറ്റാൻ നടപടിയാകാത്തത് കായികതാരങ്ങൾക്ക് വിനയാകുന്നു. ഉപജില്ല സ്കൂൾ ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചിരിക്കെ സംഘാടകരും നെട്ടോട്ടത്തിലാണ്.
കൊച്ചിയിലെ പ്രധാന മൈതാനങ്ങൾ കായികമത്സരങ്ങൾ നടത്താൻ അനുയോജ്യമല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ കൊച്ചിൻ കാർണിവൽ ആഘോഷത്തിന് പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാനെത്തിയ പതിനായിരങ്ങൾ ഗ്രൗണ്ടിൽ ഒരുമിച്ച് നൃത്തമാടിയതോടെ പരേഡ് ഗ്രൗണ്ട് കുണ്ടും കുഴിയുമായി.
മൈതാനത്ത് കളിക്കുന്ന കുട്ടികൾ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്. മൈതാനത്തിന്റെ വടക്ക് ഭാഗമായിരുന്നു അൽപം ഭേദം. ഇവിടെയാണ് നാലുമാസം മുമ്പ് മരം ഒടിഞ്ഞുവീണത്. ഇത് മാറ്റാനും നടപടിയില്ല.
ഫോർട്ട്കൊച്ചി സാന്താക്രൂസ് മൈതാനവും സി.എസ്.എം.എല്ലിന്റെ ഉപയോഗശൂന്യമായ ഉപകരണങ്ങളും വസ്തുക്കളും തള്ളിയതിനാൽ ഇവിടെയും നല്ല രീതിയിൽ കായികമത്സരം നടത്താനാവാത്ത അവസ്ഥയാണ്. ഫോർട്ട്കൊച്ചി വെളി മൈതാനത്ത് പുല്ലുപിടിപ്പിക്കൽ അടക്കം നവീകരണ ജോലികൾ നടന്നുവരുകയുമാണ്.