കലൂർ-മൂവാറ്റുപുഴ റൂട്ടിൽ 'ഓർഡിനറി' കൊള്ള
text_fieldsകൊച്ചി: കലൂർ-മൂവാറ്റുപുഴ റൂട്ടിൽ ഫാസ്റ്റ് പാസഞ്ചറിന്‍റെ പേരിൽ കെ.എസ്.ആർ.ടി.സിയുടെ ‘ഓർഡിനറി’ കൊള്ള. കലൂർ-കാക്കനാട്-പട്ടിമറ്റം-മൂവാറ്റുപുഴ റൂട്ടിലാണ് ഫാസ്റ്റ് പാസഞ്ചറെന്ന ലേബലിൽ ഓർഡിനറി ബസിട്ട് കെ.എസ്.ആർ.ടി.സി യാത്രക്കാരെ പിഴിയുന്നത്.
ദിവസേന ഡസൻ കണക്കിന് ബസാണ് ഈ റൂട്ടിൽ സർവിസ് നടത്തുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളും സ്വകാര്യ ബസുകളും മൂവാറ്റുപുഴ-കലൂർ യാത്രക്ക് 45 രൂപ ഈടാക്കുമ്പോൾ കെ.എസ്.ആർ.ടി.സി വക ‘ഫാസ്റ്റ് പാസഞ്ചർ’ 61 രൂപയാണ് ഈടാക്കുന്നത്. മിനിമം ചാർജുകളിലടക്കം ഈ വ്യത്യാസമുണ്ട്.
വൈകീട്ട് 6.20 നുൾപ്പെടെ ദിവസേന നാലുപ്രാവശ്യമാണ് ഈ ബസ് സർവിസ് നടത്തുന്നത്. ഫാസ്റ്റ് പാസഞ്ചർ നിരക്കിൽ ചാർജ് ഈടാക്കുമ്പോഴും ബസ് പോകുന്നത് ഓർഡിനറി വേഗത്തിലാണ്.
വേഗത്തിലെത്തുമെന്ന ധാരണയിൽ കയറുന്ന യാത്രക്കാരാണ് വെട്ടിലാകുന്നത്. പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള കശപിശക്കും വഴിവെക്കാറുണ്ട്. എറണാകുളത്തുനിന്ന് വൈറ്റില വഴി മൂവാറ്റുപുഴക്ക് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകൾ 56 രൂപ ഈടാക്കുന്ന സ്ഥാനത്താണ് ഈ വിവേചനം. കെ.എസ്.ആർ.ടി.സി അധികൃതരോട് പരാതിപ്പെടാറുണ്ടെങ്കിലും അവരും കൈമലർത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

