സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിങ് ലാബിന് റീത്ത് വെച്ച് പ്രതിപക്ഷം
text_fieldsകൊച്ചി: നഗരത്തിൽ പഴകിയ ഭക്ഷണങ്ങൾ വിപണിയിൽ എത്തുമ്പോൾ അത് തടയുന്നതിന് മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് ഉണ്ടായിട്ടും ഉപയോഗിക്കുന്നില്ലെന്നാരോപിച്ച് കോർപറേഷൻ പ്രതിപക്ഷം റീത്ത് വെച്ച് പ്രതിഷേധിച്ചു. നഗരത്തിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ 40 ലക്ഷം രൂപ മുതൽമുടക്കി നഗരസഭക്ക് നൽകിയ സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിങ് ലാബ് ഉപയോഗിച്ച് നാളിതുവരെ ഭക്ഷണം ടെസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.
മീനുകളിൽ അമോണിയ അടങ്ങിയിട്ടുണ്ടോ എന്ന പരിശോധനയല്ലാതെ വാഹനത്തിലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങളോ കുടിവെള്ളമോ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയോ ഒന്നും ടെസ്റ്റ് ചെയ്യാനും ലാബിന്റെ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാനും ഇതുവരെ കഴിയാത്തത് കോർപറേഷന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു. ആന്റണി കുരിത്തറയുടെ നേതൃത്വത്തിൽ യു.ഡി.എഫ് കൗൺസിലർമാരാണ് മൊബൈൽ ടെസ്റ്റിംഗ് ലാബിന് മുകളിൽ റീത്ത് സമർപ്പിച്ചത്.
പഴകിയ ഭക്ഷണം; യാത്രക്കാരുടെ ജീവൻവെച്ച് പന്താടരുത് -ജനകീയ പ്രതിരോധ സമിതി
കൊച്ചി: ട്രെയിനുകളിൽ പഴയ ഭക്ഷണം നൽകി യാത്രക്കാരുടെ ജീവൻ വെച്ച് റെയിൽവേ പന്താടരുതെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആവശ്യപ്പെട്ടു. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിലേക്ക് പാക്ക് ചെയ്ത് ഭക്ഷണം നൽകുന്ന സ്വകാര്യ കാറ്ററിങ് കമ്പനിയുടെ വൃത്തിഹീനമായ നടത്തിപ്പ് ഞെട്ടിക്കുന്നതാണ്. ഭീമമായ തുക ടിക്കറ്റ് ചാർജ് ഈടാക്കുന്ന റെയിൽവേ യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളിൽ വിശ്വസിച്ചുകൊണ്ടാണ് യാത്രികർ ട്രെയിനുകളിലെ ഭക്ഷണം ഉപയോഗിക്കുന്നത്.
സ്വകാര്യ കമ്പനികൾക്ക് കാറ്ററിങ് ഏൽപ്പിച്ചതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. പൊതുമേഖലയിൽ നിലനിൽക്കുന്ന റെയിൽവേ സംവിധാനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നയങ്ങളാണ് ദൗർഭാഗ്യകരമായ ഈ സാഹചര്യം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം വളർത്തിയെടുക്കണമെന്ന് പ്രഫ. കെ. അരവിന്ദാക്ഷൻ, ഡോ. എം.പി. മത്തായി, സി.ആർ. നീലകണ്ഠൻ, പ്രഫ വിൻസൺ മാളിയേക്കൽ, എം. ഷാജർ ഖാൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

