സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; കിളിക്കൊഞ്ചൽ കേൾക്കാൻ കളിമുറ്റങ്ങളൊരുങ്ങുന്നു
text_fieldsകലൂർ സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പെയിന്റിങ് ജോലികൾ പുരോഗമിക്കുന്നു
കൊച്ചി: പലവർണങ്ങൾ ചുമരുകളിൽ ചാലിക്കണം, ഒപ്പം പൂക്കളുടെയും പൂമ്പാറ്റകളുടെയുമെല്ലാം ചിത്രങ്ങൾ വരക്കണം, ക്ലാസ് മുറികളും കവാടങ്ങളും വർണകടലാസുകളാലും ബലൂണുകളാലും അലങ്കരിക്കണം, സ്കൂൾ അങ്കണവും പരിസരവുമെല്ലാം നന്നായി വൃത്തിയാക്കി, സുന്ദരമാക്കി ഒരുക്കണം... ജില്ലയിൽ ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. അടുത്ത തിങ്കളാഴ്ചയാണ് സ്കൂൾ പ്രവേശനോത്സവം.
പ്രവേശനോത്സവത്തിന്‍റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ജി.എച്ച്.എസ്.എസിലാണ്. ഇതോടനുബന്ധിച്ച് സംഘാടക സമിതി രൂപവത്കരിച്ചു. സ്ഥലം എം.എൽ.എ മാത്യു കുഴൽനാടനാണ് സംഘാടക സമിതി ചെയർമാൻ. ഉദ്ഘാടന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സ്കൂൾ പരിശോധന തുടരുന്നു
സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ ഓരോ സ്കൂളുകളിലും ഫിറ്റ്നസ് പരിശോധന പുരോഗമിക്കുകയാണ്. കെട്ടിടത്തിന്‍റെ ബലം, ചുറ്റുമതിൽ സുരക്ഷ, കിണർ സുരക്ഷ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാമാണ് ഫിറ്റ്നസ് പരിശോധനയിലൂടെ ഉറപ്പു വരുത്തുന്നത്. 30നകം പരിശോധന പൂർത്തിയാക്കി എല്ലാ വിദ്യാലയങ്ങളുടെയും ഫിറ്റ്നസ് ഉറപ്പുവരുത്തുമെന്ന് ഡി.ഡി.ഇ സുബിൻ പോൾ അറിയിച്ചു.
പരിശോധനയിൽ കാര്യമായ അപാകതകളോ സുരക്ഷാപ്രശ്നങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ശ്രദ്ധയിൽപെട്ടതെല്ലാം തിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 31നകം സ്കൂളുകളിലെല്ലാം പുസ്തകങ്ങളും യൂണിഫോമും എത്തിക്കുന്നത് പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ബസ് ഫിറ്റ്നസ്; പരിശോധന ഇന്നും
പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധനയും നടക്കുകയാണ്. എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് പരിധിയിലുള്ള വാഹനങ്ങൾക്കായി കളമശ്ശേരി സി.എഫ് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യദിന പരിശോധനയിൽ 60 സ്കൂൾ ബസുകൾ പരിശോധിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച 16 ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ആർ.ടി.ഒ.യുടെ പ്രത്യേക സുരക്ഷാ സ്റ്റിക്കറുകൾ പതിപ്പിച്ചു.
പരിശോധനയിൽ ചെറിയ യാന്ത്രിക തകരാറുകൾ കണ്ടെത്തിയ വാഹനങ്ങൾക്ക് അവ അടിയന്തരമായി പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദേശം നൽകി. രണ്ടാം ഘട്ട പരിശോധന ശനിയാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ തുറക്കുന്ന ജൂൺ ഒന്നാം തീയതി മുതൽ റോഡുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശനമായ പരിശോധനയുണ്ടാകും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

