വരവായ് ഓണം... നിറവായ് സപ്ലൈകോ...
text_fieldsകൊച്ചി: പൊന്നോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മലയാളികൾക്ക് വിലക്കുറവിന്റെ ഓണക്കാഴ്ചയൊരുക്കാൻ സപ്ലൈകോ ഒരുങ്ങി. സബ്സിഡി നിരക്കിലും വിലക്കുറവിലും സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിവിധ ഓഫറുകളും സമ്മാനപദ്ധതികളും ഒരുക്കിയാണ് സപ്ലൈകോ സാധാരണക്കാർക്ക് കൈത്താങ്ങാവുന്നത്.
ഓണക്കിറ്റുണ്ട്... സമ്മാനങ്ങളുണ്ട്...
ആറുലക്ഷത്തിലധികം എ.എ.വൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും 14 ഇനം ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റുകള്‍ നല്‍കുന്നുണ്ട്. ആഗസ്റ്റ് 26ന് ആരംഭിച്ച് സെപ്റ്റംബർ നാലുവരെയാണ് വിതരണം. സപ്ലൈകോയില്‍നിന്ന് ഓണക്കാലത്ത് 1000 രൂപയിലധികം സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ലക്കി ഡ്രോ നടത്തും. ഒന്നാം സമ്മാനം ഒരുപവന് സ്വര്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കുക. രണ്ടാം സമ്മാനം രണ്ടുപേര്‍ക്ക് ലാപ് ടോപ്പും മൂന്നാം സമ്മാനം മൂന്നുപേര്‍ക്ക് സ്മാര്‍ട്ട് ടി.വിയുമാണ്. എല്ലാ ജില്ലയിലും നറുക്കെടുപ്പിലെ വിജയിക്ക് സ്മാര്‍ട്ട് ഫോണും സമ്മാനമായി നല്‍കും.
ഇതുകൂടാതെ സപ്ലൈകോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിയും ഏറെ ജനകീയമാവുകയാണ്. സ്ഥാപനങ്ങള്‍ക്കും റെസിഡന്റ്സ് അസോസിയേഷനുകള്‍ക്കും ക്ലബുകള്‍ക്കും തങ്ങളുടെ ജീവനക്കാര്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ സമ്മാനമായി ഗിഫ്റ്റ് കാര്‍ഡോ കിറ്റുകളോ സപ്ലൈകോയിലൂടെ നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനകം കിറ്റുകളും ഗിഫ്റ്റ് കൂപ്പണുകളും ഉള്‍പ്പെടെ 50,000ത്തോളം ഓര്‍ഡറുകള്‍ വന്നിട്ടുണ്ട്. ഇതില്‍ കെ.എസ്.എഫ്.ഇ തങ്ങളുടെ ഉപഭോക്താക്കൾക്കായി നല്കുന്ന ഗിഫ്റ്റ് കാര്‍ഡുകളും ഉള്‍പ്പെടും. ഒരുലക്ഷമാണ് സപ്ലൈകോ പ്രതീക്ഷിക്കുന്ന മൊത്തം ഓർഡർ.
ഓണച്ചന്തകള്‍ എമ്പാടും...
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലതല ഓണം ഫെയറുകള്‍ക്ക് തുടക്കമാവും. എറണാകുളം കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ 26ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രധാന ഔട്ട്ലറ്റിനോടനുബന്ധമായി ഓണം ഫെയര്‍ നടത്തും. നിയമസഭ മണ്ഡലങ്ങളിലെ ഓണം ഫെയറുകള്‍ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ്. വിപണിയിടപെടല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയമസഭ മണ്ഡലങ്ങളിലും ആഗസ്റ്റ് 26 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും. എല്ലാ സബ്സിഡി ഉല്പന്നങ്ങളും അരിയും ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉൽപന്നങ്ങളും ഇതിലൂടെ ഉള്‍പ്രദേശങ്ങളിലടക്കം എത്തിക്കാനാകുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ജനപ്രിയമായ് സപ്ലൈകോ
ഓണത്തിനുമുമ്പുതന്നെ വെളിച്ചെണ്ണയും അരിയും അടക്കമുള്ള അവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കാനായതുമൂലം സപ്ലൈകോയിൽ ജനത്തിരക്കേറി. ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോക്ക് ഉണ്ടായത്. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം സപ്ലൈകോ വിൽപനശാലകളെ ആശ്രയിച്ചിരുന്നു. ഓണത്തിരക്ക് ആരംഭിച്ച ഈ മാസവും പൊതുജനങ്ങള്‍ക്ക് സപ്ലൈകോ കാര്യമായ രീതിയില്‍തന്നെ ആശ്രയമാകുന്നുണ്ട്. ആഗസ്റ്റ് 15 വരെയുള്ള വിറ്റുവരവ് 107 കോടി രൂപയാണ് എന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. ആഗസ്റ്റ് 15 വരെ 19 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വിൽപനശാലകള് സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്പനയാണ് നടന്നത്. ഇത്തവണ 300 കോടിയില്‍ കുറയാത്ത വില്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
ഒരുറേഷന്‍ കാര്‍ഡിന് എട്ട് കിലോഗ്രാം അരിയാണ് സബ്സിഡി നിരക്കില്‍ സപ്ലൈകോ വിൽപനശാലകളിലൂടെ വിതരണം ചെയ്തുവന്നിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപ നിരക്കില്‍ സ്പെഷല്‍ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍നിന്ന് ഒരുകിലോയായി വർധിപ്പിച്ചു.
ശബരിക്ക് പുതിയ ഉൽപന്നങ്ങൾ...
ശബരി ബ്രാന്‍ഡില്‍ അഞ്ച് പുതിയ ഉൽപന്നങ്ങൾ ചൊവ്വാഴ്ച പുറത്തിറക്കി. അരിപ്പൊടി, മട്ടഅരി എന്നിവ സപ്ലൈകോ നേരത്തെ വിപണിയില്‍ ഇറക്കിയതാണ്. ഇവയുടെ സംഭരണരീതി പുതുക്കിയ ശേഷമാണ് ഇത്തവണ വിപണിയില്‍ റീ ലോഞ്ച് ചെയ്യുന്നത്. പുട്ടുപൊടി, അപ്പം പൊടി എന്നിവ വിപണി വിലയേക്കാള്‍ പകുതി വിലയ്ക്കാണ് നല്‍കുന്നത്. കിലോക്ക് 46 രൂപയായും പുട്ടുപൊടി, അപ്പം പൊടി എന്നിവയുടെ കോംബോ ഓഫര്‍ 88 രൂപക്കും ലഭിക്കും. പൊതുവിപണിയില്‍ ബ്രാന്‍ഡഡ് അരിപ്പൊടിക്ക് കിലോ 90 രൂപവരെ വിലയുള്ളപ്പോഴാണ് ഇത്. തെലങ്കാന നല്‍ഗൊണ്ടയില്‍നിന്ന് ഗുണമേന്മയുള്ള പച്ചരി സംഭരിച്ച് മില്ലുകള്‍ക്ക് നല്കി അരിപ്പൊടിയാക്കി വില കുറച്ചാണ് സപ്ലൈകോ ജനങ്ങള്‍ക്ക് നല്‍കുന്നത്.
തൂത്തുക്കുടിയിലെ ഉപ്പളങ്ങളില്‍നിന്ന് സംഭരിച്ച് ശാസ്ത്രീയമായി പ്രോസസ്സ് ചെയ്താണ് സപ്ലൈകോ കല്ലുപ്പും പൊടിയുപ്പും വിപണിയിലിറക്കുന്നത്. വിപണിയില്‍ 15 മുതല്‍ 30 രൂപ വരെ വിലയുള്ള ഉപ്പ് 12 രൂപക്കാണ് നല്‍കുക. 12.50 ആണ് പൊടിയുപ്പിന്റെ വില. വിപണിയില്‍ മറ്റു ബ്രാൻഡുകളുടെ പരമാവധി വിൽപന വില 70- 75 രൂപയുള്ളപ്പോഴാണ് ശബരി ബ്രാന്‍ഡില്‍ 42 രൂപക്ക് പായസം മിക്സ് വിതരണത്തിനെത്തിക്കുന്നത് വിപണിയില്‍ 60-65 രൂപ വിലയുള്ള പഞ്ചസാര 50 രൂപക്കാണ് സപ്ലൈകോ ശബരി ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. പാലക്കാടന്‍ മട്ട അരിയും മിതമായ വിലയ്ക്കാണ് നല്‍കുന്നത്. പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് അരി നേരിട്ടെടുത്ത് ശബരി ബ്രാന്‍ഡില്‍ വിതരണം ചെയ്യുകയാണ്.
പരാതിയുണ്ടോ? വിളിക്കൂ...
സപ്ലൈകോയുടെ സേവനങ്ങളിലോ ഉല്പന്നങ്ങളിലോ പരാതിയോ നിർദേശങ്ങളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 8078323000 നമ്പറിൽ വിളിച്ച് പ്രശ്നങ്ങളും നിർദേശങ്ങളും അറിയിക്കാം. വാട്സ്ആപ് സന്ദേശം അയക്കാനും സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

