ആറാം ദിവസവും പുക ഒടുങ്ങാതെ മാലിന്യമല
text_fieldsപള്ളിക്കര: ആറാം ദിവസവും പുക ഒതുങ്ങാതെ മാലിന്യമല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീ പിടിച്ചത്. പുക വ്യാപകമായി ഉയരുകയാണ്. തിങ്കളാഴ്ച രാത്രി മുതൽ ബ്രഹ്മപുരം, പിണർമുണ്ട, ഇരുമ്പനം മേഖലയിൽ പുകശല്യം രൂക്ഷമായിരുന്നു.
ഇതേതുടർന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ ചൊവ്വാഴ്ച പ്രത്യേകയോഗം വിളിക്കുകയും പ്ലാന്റിൽ അപര്യാപ്തത ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാനും തീരുമാനിച്ചു. എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥർ ഇവിടെ ഉണ്ടാകും. പ്ലാന്റിൽ അഗ്നിരക്ഷാസേനയുടെ പ്രവർത്തനത്തിന് സഹായകമാകും വിധത്തിൽ എക്സ്കവേറ്ററുടെ അഭാവം സേനാംഗങ്ങൾ ചൂണ്ടിക്കാട്ടി.
നിലവിൽ 11 എക്സ്കേവറ്റർ മാത്രമാണുള്ളത്. അതിൽതന്നെ ഡ്രൈവർമാർ ആവശ്യത്തിനില്ല. അഞ്ചുമണിക്കൂറിൽ കൂടുതൽ ഒരു ഡ്രൈവർക്ക് ജോലി ചെയ്യാൻ കഴിയുന്നില്ല. എന്നാൽ, എക്സ്കവേറ്റർ കിട്ടാനിെല്ലന്നാണ് മേയർ പറയുന്നത്. കോർപറേഷനെക്കൊണ്ട് മാത്രം കഴിയുന്ന കാര്യമല്ല ഇതെന്നും സർക്കാർ ഇടപെടണമെന്നും പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. യോഗത്തിൽ എം.എൽ.എക്ക് പുറമെ മേയർ എം. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പഞ്ചായത്ത് സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി, അഗ്നിരക്ഷാ സേന അംഗങ്ങൾ, വാർഡ് മെംബർ നവാസ് എന്നിവർ പങ്കെടുത്തു. എന്നാൽ, യോഗത്തിൽ പ്രതിപക്ഷ കക്ഷികളെയോ ജനപ്രതിനിധികളെയോ പങ്കെടുപ്പിച്ചില്ലെന്ന് കുന്നത്തുനാട് പഞ്ചായത്ത് അംഗം എം.ബി. യൂനുസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞതവണ തീപിടിച്ചപ്പോൾ ഇവിടെ പ്രവർത്തിച്ച വാഹനങ്ങൾക്ക് ഒരു വർഷമായിട്ടും കരാറുകാരനോ കോർപറേഷനോ പണം നൽകിയിട്ടില്ലെന്ന് എക്സ്കവേറ്റർ ഉടമകൾ കുറ്റപ്പെടുത്തുന്നു. ഇപ്പോഴും പ്ലാന്റിന്റെ പല പ്രദേശങ്ങളിലും തീ കത്തുന്നുണ്ട്. രണ്ട് ദിവസത്തിനകം തീ പൂർണമായും അണക്കുമെന്ന് ജില്ല ഭരണകൂടവും കോർപറേഷനും പറയുമ്പോഴും ആവശ്യമായ സംവിധാനം ഒരുക്കാൻ കോർപറേഷനോ ജില്ല ഭരണകൂടത്തിനോ കഴിയുന്നില്ലെന്നാണ് ആക്ഷേപം. തുടർച്ചയായി ആറാംദിനവും പുകഞ്ഞുകൊണ്ടിരിക്കുകയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയം എന്നതാണ് യാഥാർഥ്യം.
പിണർമുണ്ട മേഖലയിൽ ജനം ദുരിതത്തിൽ
പള്ളിക്കര: ബ്രഹ്മപുരം- പിണർമുണ്ട മേഖലകളിൽ ജനം ദുരിതത്തിൽ. ആറാം ദിവസവും പുകശല്യം ശമിക്കാതായതോടെ ജനങ്ങളിൽ അസ്വസ്ഥത വർധിക്കുകയാണ്. ശ്വാസംമുട്ടും തലകറക്കവും ഛർദിയും ചുമയും വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ബ്രഹ്മപുരം വായനശാലയിൽ പ്രവർത്തിക്കുന്ന സബ് സെന്ററിൽ നിരവധിപേരാണ് ഇതിനകം ചികിത്സ തേടിയത്. കുട്ടികൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്. പ്ലാസ്റ്റിക്കിന്റെ ദുർഗന്ധവും ശക്തമാണ്. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് പഞ്ചായത്ത് അംഗം എം.ബി. യൂനുസ് പറഞ്ഞു. ഇതുവരെ ഈ പ്രദേശങ്ങളിലേക്ക് അധികൃതർ ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനുപുറമെയാണ് കടമ്പ്രയാർ മലിനീകരണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

