അയ്യോ സാറെ പോയല്ലേ.... സ്ഥലം മാറിപ്പോയ എ.എസ്.ഐക്ക് സ്നേഹാദരം പങ്കുവെച്ച് നാട്ടുകാർ
text_fieldsപറവൂർ: സ്ഥലം മാറിപ്പോയ എ.എസ്.ഐ റസാഖിന് ആശംസകൾ നേർന്നും തിരികെ വിളിച്ചും നാട്ടുകാർ. മൂന്ന് വർഷം മുമ്പാണ് റസാഖ് വടക്കേക്കര പൊലീസ് സ്റ്റേഷനിൽ എത്തിയത്. കഴിഞ്ഞ ദിവസം ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന പടം ഫേസ്ബുക്കിൽ വടക്കേക്കരയോട് വിട, ഇനി ചെങ്ങമനാട് എന്ന കുറിപ്പുമായി പോസ്റ്റ് ചെയ്തതോടെയാണ് സ്ഥലംമാറ്റ വിവരം ജനം അറിഞ്ഞത്. ഇതോടെ പോസ്റ്റിന് താഴെ കമന്റുകൾ നിറഞ്ഞു. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും അനുഭവങ്ങൾ ഓർത്തെടുത്ത് കുറിപ്പിട്ടു.
സാറിന്റെ സേവനം ഞങ്ങളുടെ പ്രദേശത്ത് ലഭിച്ചിട്ടുണ്ട്, പോകുന്നയിടത്തും വളരെ നന്നായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാണ് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ കുറിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.എ. താജുദ്ദീനാകട്ടെ നിനച്ചിരിക്കാതെ പറന്ന ഇണപ്രാവിനുള്ള വേദനയിലാണ്. പൂയ്യപ്പിള്ളി മെംബർ ധന്യ ബാബുവിന് പറയാനുള്ളത് വടക്കേക്കരയിലേക്ക് തിരിച്ചുവരണം എന്നാണ്. കോതമംഗലത്തേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
പോത്താനിക്കാട്ടേക്കുള്ള ക്ഷണവുമുണ്ട്. വടക്കേക്കരയുടെ നഷ്ടം ചെങ്ങമനാടിന് നേട്ടം എന്നാണ് കെ.എ. ബിൻസിയുടെ കമന്റ്. പൊലീസുകാരനായ തോന്നിയിട്ടേയില്ല, ഒരു സുഹൃത്ത്, സഹോദരൻ എന്ന നിലയിലാണ് ഇടപെട്ട് കണ്ടിട്ടുള്ളത് എന്നാണ് മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ല കുറിച്ചത്. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് വടക്കേക്കരയിൽനിന്ന് ചെങ്ങമനാട് എത്തിയത്. ചെങ്ങമനാട്ടുകാർക്ക് അദ്ദേഹത്തിന്റെ സേവനം അനുഭവിക്കാനായില്ല.
അഞ്ചാം ദിവസം അവിടെ നിന്ന് വിടുതൽ നേടി. എസ്.ഐയായി ഇടുക്കി ജില്ലയിലേക്ക് പ്രമോഷൻ ലഭിച്ചതോടെയാണിത്. ചുമതലയേറ്റിട്ടില്ല. തനിക്ക് വടക്കേക്കരയിലേക്ക് ഒരു വട്ടം കൂടി തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്ന് റസാഖ് ‘മാധ്യമ’ത്തോട് പറഞ്ഞു. കോതമംഗലം സ്വദേശിയായ റസാഖ് ഇപ്പോൾ മനക്കപ്പടിയിലാണ് താമസം. ഭാര്യ സുബൈദ കാരുചിറ എഫ്.എം.സി.ടി. ഹൈസ്കൂളിൽ അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

