പോയാലിമലയിലേക്ക് ഇനി എളുപ്പത്തിൽ എത്താം; 30 അടി വീതിയിലും 800 മീറ്റർ നീളത്തിലും വഴി യാഥാർഥ്യമായി
text_fieldsമൂവാറ്റുപുഴ: നിരവധി പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായ പോയാലിമലയിലേക്ക് ഇനി സുഗമമായി നടന്നെത്താം. ഇതുവരെ പാറക്കല്ലുകൾ ചാടികടന്നായിരുന്നു പോയാലിമലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഇളം കാറ്റിലും കുളിരിലും നേരം ചെലവഴിക്കാനും ജനങ്ങൾ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ യുവാക്കൾക്കും കുട്ടികൾക്കും മാത്രമായിരുന്നു ഇതുവരെ മലയിൽ എത്താൻ കഴിഞ്ഞിരുന്നത്. എന്നാൽ ഈ സ്ഥിതിക്ക് അവസാനമായി. ഇനി ആർക്ക് വേണമെങ്കിലും മലയിലേക്ക് എത്താം. വാഹനങ്ങളും മലമുകളിൽ എത്തും.
നിരപ്പ് യുവജന ചാരിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പരിശ്രമത്തിനോടുവിലാണ് ഇവിടേക്ക് വഴി യാഥാർഥ്യമായിരിക്കുന്നത്. നിരപ്പ് ബീരുക്കുട്ടി പടിയിൽ നിന്നും 800 മീറ്റർ ദൂരത്തിലും 30 അടി വീതിയിലും മലമുകളിലേക്ക് നിർമിച്ച റോഡിന്റെ പണി വെള്ളിയാഴ്ച പൂർത്തിയായി. യുവജന ചാരിറ്റി കോഡിനേറ്റർ കബീർ ആലപ്പാട്ടിന്റെയും പ്രസിഡന്റ് അഷറഫിന്റെയും നേതൃത്വത്തിൽ മലയുടെ താഴ്ഭാഗത്തുള്ള ഏഴ് വ്യക്തികളുമായി നടത്തിയ ചർച്ചക്കൊടുവിൽ അവർ വഴിക്കുവേണ്ടി സൗജന്യമായി സ്ഥലം വിട്ടുനൽകുകയായിരുന്നു.
നൂറുകണക്കിനാളുകൾ എത്തുന്ന മലയിലേക്ക് വഴി ഇല്ലാത്തതുമൂലം ടൂറിസം പദ്ധതികൾ ഒന്നും നടപ്പായില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം പദ്ധതി നടപ്പാക്കാണമെന്നാവശ്യപ്പെട്ട് പലതവണ പദ്ധതികൾ തയാറാക്കിയെങ്കിലും നടപടി ഉണ്ടായില്ല. ഒടുവിൽ ഒന്നര വർഷം മുമ്പ് പദ്ധതിയുടെ പ്രഥമിക പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൽനിന്നും 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറി. തുടർന്ന് ഡി.പി.ആർ തയാറാക്കുകയും മൂന്നു മാസം മുമ്പ് ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 99 ലക്ഷം രൂപയാണ് പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്.
മലയിൽ ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കൈവരികൾ എന്നിവ നിർമിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. പോയാലിമലയിലേക്കുള്ള റോഡ്, ശുദ്ധജല പദ്ധതി, വഴിവിളക്കുകൾ എന്നിവ ഒരുക്കുന്നതിനുള്ള തുക പഞ്ചായത്ത് കണ്ടെത്തണമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതിന്റെ തുടർനടപടികൾ ഒന്നും ഇനിയും ആരംഭിച്ചിട്ടില്ല.
മൂവാറ്റുപുഴ നഗരത്തില്‍ നിന്നും ആറു കിലോമീറ്റര്‍ മാത്രം ദൂരത്തിൽ സമുദ്രനിരപ്പില്‍നിന്നും 600 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ടക്കുന്നുകളും നിറഞ്ഞ് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയില്‍ ഏതുസമയവും വീശിയടിക്കുന്ന ഇളം കാറ്റും കൂട്ടിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

