നിലക്കാതെ ചോദ്യങ്ങൾ, മനം നിറക്കും മറുപടിയുമായി രാഹുൽ
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണഭാഗമായി എറണാകുളം സെൻറ് തെേരസാസ് കോളജിൽ സംവാദത്തിനെത്തിയ രാഹുൽ ഗാന്ധി വിദ്യാർഥിനികൾക്ക് പ്രതിരോധപാഠം വിവരിക്കുന്നു
കൊച്ചി: ഇന്ധന വില, കോൺഗ്രസ് പാർട്ടി, പ്രതിരോധ ബജറ്റ് തുടങ്ങി ആയോധന വിദ്യവരെ നീണ്ട ചോദ്യങ്ങൾ. എല്ലാത്തിനും വിശദീകരിച്ച് ഉത്തരം നൽകിയും മറുചോദ്യങ്ങൾ ഉതിർത്തും രാഹുൽ ഗാന്ധി. എറണാകുളം സെൻറ് തെരേസാസ് കോളജിൽ ആർട്സ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർഥിനികളുമായി സംഘടിപ്പിച്ച സംവാദമായിരുന്നു വേദി.
കോൺഗ്രസ് നേരിടുന്ന പ്രതിസന്ധികൾക്ക് കാരണമെന്തെന്നാണ് വിദ്യാർഥിനികളിൽ ഒരാളായ പ്രഷ്യക്ക് അറിയേണ്ടിയിരുന്നത്. 'ഇന്ത്യതന്നെ ഗുരുതര പ്രതിസന്ധിയിലാണ്. കോൺഗ്രസ് പാർട്ടിയുടെ ഘടന പരസ്പര ആശയവിനിമയത്തിേൻറതാണ്. ആശയവിനിമയം കുറയുേമ്പാൾ പ്രശ്നങ്ങൾ ഉടലെടുക്കും' -രാഹുൽ പറഞ്ഞു.
വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും മികച്ച ആശയവിനിമയം ഇല്ലെങ്കിൽ ഇന്ത്യക്ക് നിലനിൽക്കാൻ കഴിയില്ല. അവർക്കിടയിൽ വിദ്വേഷം പകരുകയാണ് ഒരുകൂട്ടർ. പുതിയ ആശയങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും രാജ്യത്തെ പുനർനിർമിക്കണം.
നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയിലൂടെ രാജ്യത്തെ സമ്പദ്ഘടന തകർന്നെന്നും അതിനാൽ ഇന്ധന വിലവർധനയിലൂടെ പൗരന്മാരെ പോക്കറ്റടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിൽ പൂർണമായി തകർന്ന സമ്പദ്ഘടനയും ഭരണത്തിലെ കെടുകാര്യസ്ഥതയും വരുത്തിതീർത്ത അവസ്ഥയിൽനിന്ന് പുറത്തുകടക്കൽ എളുപ്പമല്ലെന്ന് സൂസന്നയുടെ ചോദ്യത്തിന് രാഹുൽ മറുപടി നൽകി.
പ്രതിരോധ ബജറ്റിനു കൂടുതലും ഗവേഷണത്തിന് കുറച്ചും തുക വകയിരുത്തുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയപ്പോൾ അപകടകരമായ ചുറ്റുപാടുകളിലാണ് നാം ജീവിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. എങ്കിലും ശരിയായ നിലപാടുകൾ സർക്കാർ എടുത്താൽ അതിലൂടെ പ്രതിരോധ ബജറ്റ് കുറക്കാനാകും. പകലും രാത്രിയും പോലെയാണ് തനിക്ക് ജീവിതമെന്നും എല്ലായ്പ്പോഴും ശുഭാപ്തി വിശ്വാസം കൈവിടില്ലെന്നും അലീനയുടെ ചോദ്യത്തിന് മറുപടി നൽകി.
ശരിയായ നിലപാടും നിൽപുമാണ് നിങ്ങളുടേതെങ്കിൽ എത്ര പേർ എതിർത്താലും അതിൽനിന്ന് അൽപം പോലും പിന്നോട്ടടിക്കാൻ ആർക്കുമാകില്ലെന്ന് പ്രതിരോധ വിദ്യയിൽ എട്ട് വിദ്യാർഥിനികൾക്ക് പ്രായോഗിക പാഠം നൽകി അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണം അവരവരുടെ ഉള്ളിൽനിന്നാണ് വരേണ്ടത്. അതൊരിക്കലും അഹങ്കാരമായി മാറരുതെന്നും രാഹുൽ സൂചിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ലിസി മാത്യു, മാനേജർ സിസ്റ്റർ വിനീത, ഉഷ നായർ, യൂനിയൻ ചെയർപേഴ്സൻ നിരഞ്ജന, അൽഫോൻസ ജോസഫ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

