ഫ്രിഡ്ജ് റിപ്പയറിങ്ങിന് സ്പെയർപാർട്സില്ല; ഉപഭോക്താവിന് 96,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsകൊച്ചി: ഉൽപന്നത്തിന്റെ നിർമാണം അവസാനിപ്പിച്ചാലും വിറ്റഴിക്കപ്പെട്ടവക്ക് ആവശ്യമായ സ്പെയർ പാർട്സ് ലഭ്യമാക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി.ഉപകരണം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിച്ച സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് 96,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഇന്ത്യൻ നേവിയിൽ കമാൻഡറായിരുന്ന എറണാകുളം സ്വദേശി കീർത്തി എം. കുര്യൻസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2016 ജൂലൈയിൽ 72,000 രൂപ നൽകി സാംസങ് ഇലട്രോണിക്സിന്റെ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങി. എന്നാൽ, 2021 മുതൽ റഫ്രിജറേറ്ററിന്റെ തണുപ്പിക്കൽശേഷി തകരാറിലായി. കമ്പനി നിയോഗിച്ച ടെക്നിഷ്യൻ പലവിധ റിപ്പയറിങ് നടത്തിയിട്ടും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ 15 ശതമാനം വിലക്കുറവോടെ പുതിയ ഫ്രിഡ്ജ് വാങ്ങാനുള്ള കൂപ്പൺ എതിർകക്ഷി വാഗ്ദാനം ചെയ്തു. കമ്പനിയുടെ ഈ വാഗ്ദാനം പര്യാപ്തമല്ലാത്തതിനാലാണ് ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഒരുവർഷ വാറന്റി കാലാവധി പൂർത്തിയായെന്നും ഫ്രിഡ്ജിന് നിർമാണത്തിൽ അപാകതയില്ലെന്നും പരാതിക്കാരൻ ശ്രദ്ധാപൂർവം ഉപയോഗിക്കാത്തതാണ് തകരാറിന് കാരണമെന്നും എതിർകക്ഷി ബോധിപ്പിച്ചു. ഫ്രിഡ്ജ് റിപ്പയർ ചെയ്യാൻ കഴിയില്ലെന്നും സ്പെയർപാർട്സ് ലഭ്യമല്ലെന്നും കോടതി നിയോഗിച്ച വിദഗ്ധൻ റിപ്പോർട്ട് നൽകി. ഫ്രിഡ്ജിന്റെ അഞ്ചുവർഷത്തെ തേയ്മാനം കണക്കിലെടുത്ത് എതിർകക്ഷി 36,000 രൂപ ഒരുമാസത്തിനകം ഉപഭോക്താവിന് നൽകണം. കൂടാതെ നഷ്ടപരിഹാരം, കോടതിച്ചെലവ് എന്നീ ഇനങ്ങളിൽ 60,000 രൂപയും ഒമ്പതുശതമാനം പലിശയും എതിർകക്ഷി നൽകണമെന്ന് കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

