നിശാപാർട്ടി: ലഹരി എത്തിച്ചത് ബംഗളൂരുവിൽനിന്ന്
text_fieldsrepresentative image
കൊച്ചി: കൊച്ചി നിശാപാർട്ടി കേസിൽ എം.ഡി.എം.എ ഉൾപ്പെടെ ലഹരി എത്തിച്ചയാളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു. ബംഗളൂരു സ്വദേശിയും മലയാളിയുമായ പയസാണ് പിന്നിലെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
നിശാപാർട്ടികൾ സംഘടിപ്പിച്ച മൂന്ന് ഹോട്ടലുകളിലും എക്സൈസ് സംഘമെത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവവുമായി ജീവനക്കാർക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. പരിശോധന നടത്തിയാണ് ആളുകളെ ഹോട്ടലുകളിലേക്ക് പ്രവേശിപ്പിച്ചതെന്ന് ജീവനക്കാർ മൊഴി നൽകി.
മൂന്നിടത്തെയും സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. ഇവ പരിശോധിച്ച് വരുകയാണ്. പാർട്ടിയിൽ പങ്കെടുത്തവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരിൽനിന്ന് വിവരങ്ങൾ തേടും.
ശനിയാഴ്ച രാത്രിയായിരുന്നു കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ കസ്റ്റംസും എക്സൈസും സംയുക്തമായി മിന്നൽപരിശോധനയിൽ ഡിസ്ക് ജോക്കി അടക്കം നാലുപേരെ അറസ്റ്റ് ചെയ്തത്.