25 വർഷം മുമ്പത്തെ തീരുമാനം മാറ്റി പുതിയ മാലിന്യ പ്ലാന്റ്; തൃക്കാക്കര നഗരസഭ നീക്കം തടഞ്ഞ് ഹൈകോടതി
text_fieldsകൊച്ചി: 25 വർഷം മുമ്പ് ഹൈകോടതിക്ക് നൽകിയ ഉറപ്പിൽ നിന്ന് വ്യത്യസ്തമായി പുതിയ സ്ഥലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള തൃക്കാക്കര നഗരസഭയുടെ നീക്കം ഹൈകോടതി തടഞ്ഞു. നഗരസഭ ഓഫിസിനും സിവിൽ സ്റ്റേഷനും മധ്യേ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിന് സമീപത്തെ സ്ഥലം പ്ലാന്റിനായി ഉപയോഗപ്പെടുത്താൻ അനുമതി നൽകിയ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് തൃക്കാക്കര സാംസ്കാരിക കേന്ദ്രം, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും സമീപവാസികളുമടക്കം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്.
മൂന്നാം ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം വാങ്ങി ആധുനിക മാലിന്യ സംസ്കരണ പ്ലാന്റും കശാപ്പുശാലയും നിർമിക്കുമെന്ന തൃക്കാക്കര പഞ്ചായത്തിന്റെ ഉറപ്പിനെ തുടർന്ന് മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട ഹരജി 1999ൽ തീർപ്പാക്കിയതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
ആറ് മാസത്തിനകം പദ്ധതി പൂർത്തിയാക്കുമെന്ന ഉറപ്പ് നൽകിയതായും1999 ജൂൺ 17ലെ ഉത്തരവിലുണ്ട്. എന്നാൽ, ഈ ഉറപ്പ് പാലിക്കാതെയാണ് ഇപ്പോൾ നഗരത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. വാണാച്ചിറ ഭാഗത്ത് ഇതിനായി കണ്ടെത്തിയ സ്ഥലം നിലമായതിനാൽ പദ്ധതി അപ്രായോഗികമാണെന്നും തിങ്ങി നിറഞ്ഞ് ജനവാസമുള്ള മേഖലയായതിനാൽ പരിസരവാസികളിൽ നിന്നുള്ള ശക്തമായ എതിർപ്പ് ശക്തമാണെന്നും നഗരസഭ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. അതിനാൽ, ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റ് നിർമിക്കാനായി ഈ സ്ഥലം ഉപയോഗിക്കാൻ 2015ൽ തീരുമാനിച്ചതായും അറിയിച്ചു.
1999ൽ എടുത്ത തീരുമാനത്തിൻമേൽ 25 വർഷമായി പഞ്ചായത്തും പിന്നീട് നഗരസഭയും ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. ഹൈകോടതിയിൽ നൽകിയ രേഖ അതേപടി നിലനിൽക്കേ മറ്റൊരിടത്ത് പദ്ധതി സാധ്യമാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടർന്നാണ് നിലവിലെ നിർമാണ നടപടി സ്റ്റേ ചെയ്തത്.
എന്നാൽ, 1999ലെ ഉത്തരവിൽ പരാമർശിക്കുന്ന സ്ഥലത്തിന്റെ കാര്യത്തിൽ ഭേദഗതി വരുത്താൻ നഗരസഭക്ക് കോടതി മുഖേന നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ബന്ധപ്പെട്ട ഹരജികൾക്കൊപ്പം നവംബർ ഏഴിന് ഹരജി പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

