പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്; രൂപരേഖ തയാർ
text_fieldsകൊച്ചി: ശോച്യാവസ്ഥയിലുള്ള എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള രൂപരേഖയും വിശദമായ പ്ലാനും തയാറായി. ഭരണാനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങുമെന്ന് കോർപറേഷൻ മേയർ എം. അനിൽകുമാർ അറിയിച്ചു.
പരിമിതികളിൽ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ ‘മാധ്യമ’മുൾപ്പെടെ വാർത്ത നൽകുകയും പൊതുജനങ്ങളിൽനിന്ന് നിരവധി ആക്ഷേപങ്ങളുയരുകയും ചെയ്തിരുന്നു. ചെറിയ മഴ പെയ്താൽ മുങ്ങിപ്പോകുന്ന ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുപണിയാനാണ് തീരുമാനം. അടുത്തിടെ ബസ് സ്റ്റാൻഡിന്‍റെ നിലവിലെ ശോച്യാവസ്ഥ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരിട്ടുകണ്ട് ബോധ്യപ്പെട്ടിരുന്നു.
തുടർന്ന് ചേർന്ന യോഗത്തിൽ പുതിയ കെട്ടിട നിർമാണത്തിനായി 13 കോടി രൂപ അനുവദിച്ചു. ഒപ്പം വിശദമായ പ്ലാനും രൂപരേഖയും തയാറാക്കാൻ പൊതുമരാമത്ത് വകുപ്പിന് ചുമതല നൽകുകയും ചെയ്തിരുന്നു. പദ്ധതിയുടെ ഭരണാനുമതിക്കുള്ള നടപടികൾ സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയതായി ധനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി. ഭരണാനുമതി ലഭിച്ചാലുടൻ ടെൻഡർ വിളിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം. കെട്ടിട നിർമാണത്തിനുള്ള ഫണ്ടിന് തടസ്സമുണ്ടാകില്ലെന്നും ധനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

