ജനറൽ ആശുപത്രിയിൽ പുതിയ ഈറ്ററി ഹബ്
text_fieldsഎറണാകുളം ജനറൽ ആശുപത്രിയിലെ ഈറ്ററി ഹബ്ബിന്റെ രൂപരേഖ
കൊച്ചി: ഒ.പിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമെല്ലാമുള്ള ഭക്ഷണശാല, കിടപ്പുരോഗികൾക്ക് പോഷകസമ്പന്നമായ ആഹാരമൊരുക്കുന്ന ഊട്ടുപുര, ഓഫിസ് സെക്ഷൻ, ജീവനക്കാർക്ക് താമസിക്കാൻ സൗകര്യം.. എറണാകുളം ജനറൽ ആശുപത്രിയിൽ വരാനിരിക്കുന്ന പുതിയ ഈറ്ററി ഹബ്ബിൽ ഒരുങ്ങുന്ന സംവിധാനങ്ങളാണ് ഇവയെല്ലാം. ഈറ്ററി ഹബ് എന്ന പേരിൽ നിർമിക്കുന്ന ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് ഡിപ്പാർട്ട്മെന്റ്-കാന്റീൻ സമുച്ചയത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച രാവിലെ പത്തിന് ഹൈബി ഈഡൻ എം.പി നിർവഹിക്കും.
മൂന്നുകോടി ചെലവിട്ട് 10,000 സ്ക്വയർഫീറ്റിൽ മൂന്നുനിലയായാണ് കെട്ടിടം നിർമിക്കുന്നത്. ഒമ്പതുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു.
ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട്, കൊച്ചിൻ ഷിപ്യാർഡ്, ബി.പി.സി.എൽ സി.എസ്.ആർ ഫണ്ട് എന്നിവ വിനിയോഗിച്ചാണ് നിർമാണം. ഒന്നാമത്തെ നിലയിൽ 75ഓളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന വിശാലമായ ഫുഡ് കോർട്ട് ഏരിയ, ജീവനക്കാർക്ക് മാത്രമായി പ്രത്യേക സൗകര്യം, റിസപ്ഷൻ ഏരിയ, കാഷ് കൗണ്ടർ, കിച്ചൻ, കോൾഡ് സ്റ്റോറേജ് ഏരിയ തുടങ്ങിയവ ഉണ്ടാകും.
രണ്ടാം നിലയിൽ രോഗികൾക്ക് വാർഡിൽ ഡയറ്റീഷൻസിന്റെ നിർദേശാനുസരണം ഭക്ഷണം ഉണ്ടാക്കി എത്തിക്കാനുള്ള ഊട്ടുപുര പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നാം നിലയിൽ ഊട്ടുപുരയിലെ ജീവനക്കാർക്കുള്ള താമസസൗകര്യമൊരുക്കും. പുതിയ കെട്ടിടമാവുന്നതോടെ ഊട്ടുപുര എന്ന സംരഭം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒന്നായി മാറുമെന്നാണ് പ്രതീക്ഷ.
എക്മോ സംവിധാനം ഇന്നുമുതൽ
കൊച്ചി: വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും നൂതന ജീവൻരക്ഷ സംവിധാനമായ എക്മോ(എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) എറണാകുളം ജനറൽ ആശുപത്രിയിൽ ചൊവ്വാഴ്ച ആരംഭിക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഹൃദയത്തിനും ശ്വാസകോശത്തിനും പകരമായി കൃത്രിമമായി ഓക്സിജൻ ഉത്പാദിപ്പിക്കാനും, രക്തത്തിലുള്ള കാർബൺ ഡയോക്സൈഡ് നീക്കം ചെയ്യാനുമുള്ള ആധുനിക സംവിധാനമാണ് എക്മോ.
ഹൃദയം, ശ്വാസകോശം ഇവ തത്കാലത്തേക്ക് പ്രവർത്തനരഹിതമാകുന്ന സാഹചര്യത്തിൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വീണ്ടെടുക്കുംവരെ പകരമായി എക്മോ ഉപകരണം പ്രവർത്തിക്കുന്നു.
സ്വകാര്യമേഖലയിൽ എക്മോ സൗകര്യത്തിന് രണ്ടുമുതൽ നാല് ലക്ഷം രൂപ വരെയാണ് ഈടാക്കുന്നതെന്നും ജനറൽ ആശുപത്രിയിൽ പ്രതിദിനം 50,000 രൂപ മാത്രമാണ് ഈടാക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഐ.സി.യു ആണ് ഇതിനായി ഉപയോഗിക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡിന്റെ 60 ലക്ഷം രൂപ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

