കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പ്; ഫൈനൽ ലാപ്പിൽ പുതിയ കോർപറേഷൻ മന്ദിരം
text_fieldsഎറണാകുളം മറൈൻ ഡ്രൈവ് അബ്ദുൽ കാലം മാർഗിനോട് ചേർന്ന് നിർമിക്കുന്ന കൊച്ചിൻ കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിരം
കൊച്ചി: ഒന്നും രണ്ടുമല്ല, 25 വർഷങ്ങൾ... നീണ്ട രണ്ടര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കൊച്ചി കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിര നിർമാണം അവസാന ലാപ്പിലെത്തി. നിലവിലെ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പു തന്നെ പൂർത്തിയാക്കി, ഉദ്ഘാടനം നടത്താനും ഓഫിസ് പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുമാണ് തീരുമാനം. ഉദ്ഘാടന തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബറിൽ തന്നെ പണി പൂർത്തിയാക്കും. ഇതിനു വേണ്ടി രാപ്പകലില്ലാതെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. എറണാകുളം മറൈൻഡ്രൈവിൽ ഗോശ്രീ പാലത്തിനടുത്ത് അബ്ദുൽ കലാം മാർഗിനോട് ചേർന്ന ഒന്നരയേക്കറിലാണ് പുതിയ ആസ്ഥാന മന്ദിരം ഉയരുന്നത്.
നീണ്ടുപോയ സ്വപ്നം
കൊച്ചിയെന്ന മഹാനഗരത്തിലെ നിലവിലുള്ള കോർപറേഷൻ ഓഫിസ് കെട്ടിടം കാലപ്പഴക്കത്താലും സൗകര്യക്കുറവു മൂലവും വീർപ്പുമുട്ടുകയാണ്. 2005ൽ കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിരം നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിലും നീണ്ടുപോവുകയായിരുന്നു.
മൂന്നു തവണയാണ് ഇതിനകം തറക്കല്ലിട്ടത്. ഓരോ തവണ പുതിയ ഭരണസമിതികൾ ചുമതലയേൽക്കുമ്പോഴും ആസ്ഥാന മന്ദിരം പൂർത്തിയാക്കുമെന്ന് പതിവ് പ്രഖ്യാപനവും ഇതിനായി ബജറ്റിൽ ഫണ്ടും നീക്കിവെക്കാറുമുണ്ട്. എന്നാൽ സാങ്കേതിക കാരണങ്ങളാലും നിയമ തടസങ്ങളെ തുടർന്നും കെട്ടിട നിർമാണം നീണ്ടു പോകുകയായിരുന്നു.
അന്ന് 12 കോടിയിൽ; ഇന്ന് 61 കോടിയിൽ
2005ൽ നിർമാണത്തിന് 12.7 കോടിയുടെ ഭരണാനുമതിയും സാങ്കേതിക അംഗീകാരവുമാണ് കെട്ടിട നിർമാണത്തിനുണ്ടായിരുന്നത്. എന്നാൽ നിയമ- സാങ്കേതിക കുരുക്കുകളിൽ പെട്ട് നിർമാണം നീണ്ടതോടെ കെട്ടിട നിർമാണ ചെലവും കുത്തനെ ഉയർന്നു. ഒരിക്കൽ നിലച്ച നിർമാണം പുനരാരംഭിച്ചപ്പോൾ, രണ്ടാം ഘട്ട ടെൻഡറിങ്ങിൽ 18.83 കോടിയും മൂന്നാംഘട്ടത്തിൽ 24.7 കോടിയുമായി വർധിച്ചു. ഏറ്റവുമൊടുവിൽ ബേസ്െമൻറിലെ പ്രത്യേക നിർമാണ പ്രവർത്തനം ഉൾപ്പെടെ വരുമ്പോൾ 61കോടി രൂപയാണ് ഏകദേശം ചെലവായി വരുന്നത്. ഇതിനിടെ കോവിഡ് ലോക്ഡൗണും നിർമാണച്ചെലവ് കൂടിയതുമെല്ലാം കൊച്ചി കോർപറേഷൻ ആസ്ഥാന മന്ദിര നിർമാണത്തിലും പ്രതിഫലിച്ചു.
വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി
കായലിനോടു ചേർന്നായതിനാൽ ബേസ്മെൻറ് നിലയിൽ വെള്ളം കയറുന്നത് പ്രതിസന്ധിയായിരുന്നു. ആസ്ഥാനമന്ദിരം പണി പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ താഴെ ഭാഗം വെള്ളക്കെട്ടിൽ മുങ്ങിയത് വലിയ വിമർശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തുടർന്ന് രണ്ടു കോടി രൂപ അധികമായി അനുവദിച്ച് ബേസ്മെന്റിലെ പ്രവർത്തികൾ ആരംഭിച്ചു. നിലവിൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാനുള്ള പ്രവൃത്തിയാണ് ഇവിടെ നടന്നു വരുന്നത്. വാട്ടർ പ്രൂഫിങ്, റീഎൻഫോഴ്സ്ഡ് സിമൻറ് കോൺക്രീറ്റിങ് എന്നീ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ബേസ്മെന്റിൽ വെള്ളം കയറുന്നത് തടയുന്നതിനായി ഇവിടെ നിന്നുള്ള ലിഫ്റ്റിന്റെ അടിത്തറ ഉയർത്തുകയും പിന്നീട് ഈ ലിഫ്റ്റ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം നിലയിൽ നിന്നാണ് ഈ ലിഫ്റ്റ് ആരംഭിക്കുന്നത്.
ആറു നിലകൾ...അനവധി സൗകര്യങ്ങൾ...
നിലവിലെ കെട്ടിടത്തിന്റെ സ്ഥലപരിമിതി കണക്കിലെടുത്ത് വേണ്ടുവോളം സൗകര്യങ്ങൾ ഉൾപ്പെടുത്തി, അത്യാധുനികമായ രീതിയിലാണ് പുതിയ കെട്ടിടം പണിയുന്നത്. ആറു നിലകളാണ് ആകെയുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ ജനസേവന കേന്ദ്രം, കാത്തിരിക്കാനുള്ള ഇടം, ആരോഗ്യവിഭാഗം, ൈടപ്പിങ് വിഭാഗം, കാൻറീൻ, ഡ്രൈവർമാരുടെ വിശ്രമ മുറി എന്നിവയുണ്ടാകും. ഒന്നാം നിലയിൽ േമയറുടെ മുറി, െഡപ്യൂട്ടി മേയറുടെ മുറി, കൗൺസിൽ ഹാൾ, സന്ദർശക ഗാലറി എന്നിവയും രണ്ടാം നിലയിൽ സെക്രട്ടറി, അഡീഷനൽ സെക്രട്ടറി എന്നിവർക്കുള്ള മുറികളും അക്കൗണ്ട്സ് ആൻഡ് ഓഡിറ്റിങ് വിഭാഗങ്ങളും പ്രവർത്തിക്കും.
രണ്ട്, നാല് നിലകളിൽ മിനി കോൺഫറൻസ് ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. റവന്യൂ, ഹെൽത്ത് വിഭാഗങ്ങൾ മൂന്നാം നിലയിലും എൻജിനീയറിങ്, പ്ലാനിങ് സെൽ എന്നിവ നാലാം നിലയിലും ടൗൺപ്ലാനിങ് റൂം, വിഡിയോ കോൺഫറൻസ് റൂം, പ്രസ് കോൺഫറൻസ് റൂം എന്നിവ അഞ്ചിലും പ്രവർത്തിക്കും. ആറാം നില ഹാൾ രൂപത്തിലാണ് ക്രമീകരിക്കുന്നത്. ബേസ്മന്റെ് ഫ്ലോറിൽ 200 കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
ഈ മാസം നിർമാണം പൂർത്തിയാകും -മേയർ
ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവൃത്തി ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്നും ഈ മാസം തന്നെ നൂറു ശതമാനവും പൂർത്തിയാക്കുമെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് ആഗ്രഹിക്കുന്നത്. നിലവിൽ ബേസ്മെൻറിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്ന ജോലിയാണ് പ്രധാനമായും ചെയ്യുന്നത്. അതിനു ശേഷം അവലോകനം നടത്തി ഉദ്ഘാടന തീയ്യതി തീരുമാനിക്കുമെന്നും മേയർ വ്യക്തമാക്കി.
കെട്ടിടത്തിന് സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റില്ല -പ്രതിപക്ഷം
വേഗത്തിൽ നിർമാണം പൂർത്തീകരിച്ച് കൊച്ചി കോർപറേഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനൊരുക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കാലങ്ങളായി ഉപ്പുവെള്ളത്തിലായിരുന്നു ഈ കെട്ടിടം കിടന്നത്. പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് ബേസ്മന്റെിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി തുടങ്ങിയത്. എന്നാൽ, ഇതിന്റെ ഉറപ്പ് എത്രകാലത്തേക്കുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നില്ല. കൂടാതെ കെട്ടിടത്തിന്റെ ബലം സംബന്ധിച്ച് സ്ട്രക്ചറൽ സ്റ്റബിലിറ്റി പരിശോധന നടത്തി സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഉദ്ഘാടനം ചെയ്താലും ഓഫിസ് പ്രവർത്തനങ്ങൾ ഇങ്ങോട്ടു മാറ്റാൻ ഇനിയും സമയമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

