കപ്പലുകൾക്ക് കുടിവെള്ള വിതരണത്തിന് പുതിയ ബാർജ്
text_fieldsകപ്പലുകൾക്ക് ശുദ്ധജല വിതരണത്തിന് കൊച്ചി തുറമുഖ
അതോറിറ്റി ഒരുക്കിയ ബാർജ് അമൃത- 55
മട്ടാഞ്ചേരി: ചരക്ക്-യാത്ര കപ്പലുകൾക്ക് ശുദ്ധജല വിതരണത്തിന് കൊച്ചി തുറമുഖ അതോറിറ്റി പ്രത്യേക ബാർജ് സംവിധാനമൊരുക്കി. പുതിയ കരാർ പ്രകാരം ജല ബാർജ് പ്രവർത്തനവും ആരംഭിച്ചു.
പുറംകടലിലും നങ്കൂര കേന്ദ്രങ്ങളിലുമെത്തിയാണ് ജല ബാർജ് ശുദ്ധജലം നൽകുക. 2019 മുതൽ തുറമുഖത്തെ എം.വി ജലപ്രഭ എന്ന ബാർജായിരുന്നു കപ്പലുകൾക്ക് ശുദ്ധ ജലമെത്തിച്ചിരുന്നത്. 250 മെട്രിക് ടൺ ശേഷിയുള്ള അമൃത് -55 ബാർജാണ് പുതുതായി ജലവിതരണത്തിന് ഒരുക്കിയിരിക്കുന്നത്.
രാജ്കോട്ടിലെ അമൃത് ഡ്രഡ്ജിങ് ആൻഡ് ഷിപ്പിങ് ലിമിറ്റഡുമായാണ് കൊച്ചി തുറമുഖ ട്രസ്റ്റ് ജലവിതരണത്തിന് പുതിയ കരാറിലേർപ്പെട്ടിരിക്കുന്നത്.
വരുമാനത്തിന്റെ 43 ശതമാനം കൊച്ചി തുറമുഖ അതോറിറ്റിക്ക് ലഭിക്കും. 20 വർഷമാണ് കരാർ കാലാവധി. കൊച്ചി തുറമുഖ ട്രസ്റ്റ് ആസ്ഥാനത്ത് ഡെപ്യൂട്ടി ചെയർമാൻ വികാസ് അഗർ വാൾ ജലബാർജ് കമീഷൻ ചെയ്തു. ചീഫ് മെക്കാനിക്കൽ എൻജിനീയർ തുരെ പാണ്ഡ്യൻ, ഡെപ്യൂട്ടി കൺസർവേറ്റർ ക്യാപ്റ്റൻ ജോസഫ് ജെ.ആലപ്പാട്ട്, പിവിൻ ആർ.മേനോൻ, എസ്.കെ. സാഹൂ, ഇ. രമ, ഡോ. മുത്തുകോയ എന്നിവർ സംസാരിച്ചു.